തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിച്ചു കൊണ്ടുപോയി കൊന്നതായി പരാതി








പെരുമ്പാവൂർ രായമംഗലം വട്ടക്കാട്ടുപടിയിൽ സ്വകാര്യ വ്യക്തിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന പശുവിനെ അഴിച്ചു കൊണ്ടുപോയി കൊന്നതായി പരാതി. പടിഞ്ഞാറെ പുത്തൻവീട്ടിൽ രവിയുടെ പശുവിനെ തൊഴുത്തിൽ നിന്ന് ഇക്കഴിഞ്ഞ രാത്രിയിലാണ് ആരോ അഴിച്ചു കൊണ്ടുപോയത്. ഞായറാഴ്ച വൈകിട്ട് പശുവിനെ ഇദ്ദേഹം തൊഴുത്തിൽ കൊണ്ടുവന്ന് കെട്ടിയിരുന്നു. തിങ്കളാഴ്ച വെളുപ്പിന് പശുവിനെ കറക്കുന്നതിനായി ചെന്നപ്പോഴാണ് അഴിച്ചുകൊണ്ടുപോയതായി കാണുന്നത്.തുടർന്നുള്ള അന്വേഷണത്തിൽ തൊട്ടടുത്ത പാടത്തിന്റെ കരയിൽ മരത്തിൽ കയർകെട്ടി കഴുത്തിൽ കുരങ്ങി ചത്ത നിലയിൽ പശുവിനെ കണ്ടെത്തി.
പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയും വെറ്റിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി നടപടികൾക്ക് ശേഷം പശുവിന്റെ മൃതശരീരം സംസ്ക്കരിച്ചു.9 ലിറ്ററോളം പാൽ കറക്കുന്ന 6 വയസ്സ് പ്രായമുള്ള പശുവിന് അറുപതിനായിരം രൂപയ്ക്ക് മുകളിൽ വില വരുമെന്ന് ഉടമ പറയുന്നു. പശുവിനെ മോഷ്ടിച്ചു കൊണ്ടുപോയതാണോ മറ്റെന്തെങ്കിലും ഉദ്ദേശത്തിനായി അഴിച്ചു കൊണ്ടു പോയതാണോ എന്ന സംശയവും ഉണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോലീസ് കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



