കീഴ്മാട് ഡിവിഷൻ: കോൺഗ്രസ് സാധ്യത പട്ടിക അട്ടിമറിക്കപ്പെട്ടു എന്ന് ആരോപണം.


എറണാകുളം കോൺഗ്രസിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഭിന്നത രൂക്ഷമാകുന്നു. ഡിസിസി അധ്യക്ഷനെതിരെ 24 സ്ഥാനാർഥികൾ കെപിസിസിക്ക് പരാതി നൽകി. ചിലയിടങ്ങളിൽ സ്ഥാനാർഥിയെ പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. കോർപറേഷനിലെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെയും സ്ഥാനാർഥി നിർണയത്തെ തുടർന്നാണ് കോൺഗ്രസിനുള്ളിൽ തർക്കങ്ങളുണ്ടായത്. നേരത്തെ, നേതാക്കൾ സ്വതന്ത്രരായി മത്സരിക്കാൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു.


എറണാകുളം ജില്ലാ പഞ്ചായത്ത് കീഴ്മാട് ഡിവിഷനിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഡിസിസി അധ്യക്ഷനെതിരെ ഒരു വിഭാഗം നേതാക്കൾ കെപിസിസിയെ സമീപിച്ചിരിക്കുന്നത്. പ്രാദേശിക നേതൃത്വം നൽകിയ സാധ്യത പട്ടികയിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഉൾപ്പെടാത്ത ഒരാളെ, ചില വ്യക്തിപരമായ താൽപര്യങ്ങളുടെ പേരിൽ ഡിസിസി അധ്യക്ഷൻ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു എന്നാണ് പരാതിയിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
മുൻ മന്ത്രിയായിരുന്ന ടി.എസ്. മുസ്തഫയുടെ സഹോദരൻ അബ്ദുൽ ജബ്ബാറും സമാനമായ ആരോപണവുമായി മുന്നോട്ട് വന്നിട്ടുണ്ട്. പാർട്ടിയുടെ സാധ്യത പട്ടികയിലോ ചർച്ചയിലോ ഇല്ലാതിരുന്ന വ്യക്തിയെ ചില നേതാക്കളുടെ താൽപര്യം മൂലം സ്ഥാനാർഥിയാക്കി എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ആരോപണം. മുവാറ്റുപുഴ എംഎൽഎയുടെയും ബെന്നി ബെഹനാൻ എംപിയുടെയും താൽപര്യപ്രകാരമാണ് ചില സ്ഥാനാർഥികളെ നിർണയിക്കുന്നതെന്നും ആരോപണങ്ങളുണ്ട്. ഈ ആരോപണങ്ങളെ പിന്തുണയ്ക്കുന്ന നിലപാടാണ് പരാതി നൽകിയ ഒരു വിഭാഗം നേതാക്കളുടേതും.





