സന്നിധാനത്തേക്കുള്ള കാനന പാതകൾ ഇന്ന് തുറക്കും


മണ്ഡലകാല തീർഥാടനത്തിന് കൂടുതൽ സൗകര്യമൊരുക്കി എരുമേലി, വണ്ടിപ്പെരിയാർ വഴിയുള്ള പരമ്പരാഗത കാനന പാതകൾ ഇന്ന് ഭക്തർക്കായി തുറന്നു നൽകി. എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയുള്ള പാതയും വണ്ടിപ്പെരിയാർ സത്രത്തിൽ നിന്ന് പുല്ലുമേട് വഴിയുള്ള പാതകളുമാണ് തീർഥാടകർക്കായി തുറന്നത്.
പുല്ലുമേട് വഴിയുള്ള പാതയിൽ രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമാണ് തീർഥാടകരെ കടത്തിവിടുക. കരിമല പാതയിൽ അഴുതക്കടവിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണി വരെ മാത്രമേ ഇപ്പോൾ യാത്ര അനുവദിക്കുകയുള്ളൂ എന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചുകൊണ്ട് കൃത്യമായ പരിശോധനകൾക്ക് ശേഷമാകും ഈ പാതകളിലൂടെയുള്ള തീർഥാടകരുടെ പ്രവേശനം.


അതേസമയം, അയ്യപ്പ സന്നിധിയിൽ മണ്ഡലകാലത്തെ പ്രത്യേക പൂജകൾക്ക് ഇന്ന് തുടക്കമായി. മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രധാനപ്പെട്ട പൂജയായ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ പുലർച്ചെ 3.20നാണ് മഹാഗണപതി ഹോമം നടന്നത്.
മണ്ഡലകാലത്ത് എല്ലാ ദിവസവും രാവിലെ പ്രധാന വഴിപാടായ നെയ്യഭിഷേകം ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 3.30 മുതൽ 11 മണി വരെയാണ് ഭക്തർക്ക് നെയ്യഭിഷേകം വഴിപാട് നടത്താൻ സൗകര്യമുണ്ടായിരിക്കുക.





