

കൊച്ചി കടവന്ത്രയിൽ പണം മോഷ്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം അക്രമാസക്തമായതിനെത്തുടർന്ന് പിറവം സ്വദേശിയായ യുവാവിന് നേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ പോലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസുകളിലടക്കം പ്രതിയായ കൊച്ചി സ്വദേശി ആന്റപ്പൻ എന്ന ആന്റണിയെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു.
കടവന്ത്ര മെട്രോ പില്ലറിന് താഴെ കിടന്നുറങ്ങുകയായിരുന്ന ജോസഫ് എന്ന യുവാവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. ജോസഫും പ്രതിയായ ആന്റണിയും പകൽ ജോലിയെടുക്കുകയും രാത്രിയിൽ മെട്രോ പില്ലറിന് താഴെ തങ്ങുകയുമായിരുന്നു പതിവ്. ഇന്ന് പുലർച്ചെ ഏകദേശം ഒരു മണിയോടെയാണ് അക്രമണത്തിന് വഴിവെച്ച സംഭവങ്ങൾ ആരംഭിച്ചത്.


സംഭവത്തിന് തൊട്ടുമുമ്പുള്ള ദിവസമാണ് ജോസഫിന്റെ പോക്കറ്റിൽ നിന്ന് ആന്റണി പണം മോഷ്ടിച്ചത്. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ കടുത്ത തർക്കങ്ങൾ നിലനിന്നിരുന്നു. ഈ തർക്കങ്ങളുടെ തുടർച്ചയായാണ് അതിക്രൂരമായ ആക്രമണം അരങ്ങേറിയത്. തർക്കത്തിനിടെ ആന്റണി ജോസഫിന്റെ ദേഹത്ത് പെട്രോൾ ഒഴിക്കുകയും തുടർന്ന് തീ കൊളുത്തുകയുമായിരുന്നു.
ആക്രമണത്തിൽ ജോസഫിന് ഏകദേശം 50 ശതമാനത്തോളം പൊള്ളലേറ്റു. സംഭവസ്ഥലത്ത് ഉടൻ തന്നെ കടവന്ത്ര പോലീസ് എത്തുകയും പൊള്ളലേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പിറവം സ്വദേശിയായ ജോസഫ് നിലവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി ഇദ്ദേഹത്തെ അല്പസമയത്തിനകം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു. സംഭവം നടന്ന് മണിക്കൂറുകൾക്കകം കടവന്ത്ര പോലീസ് പ്രതിയായ ആന്റപ്പനെ പിടികൂടുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.





