ബിഹാർ നിതീഷിനൊപ്പം: ബീഹാറിൽ NDA മുന്നേറ്റം


ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) കേവല ഭൂരിപക്ഷം നേടി മുന്നിട്ട് നിൽക്കുന്നു. 243 സീറ്റുകളുള്ള നിയമസഭയിൽ 122 സീറ്റാണ് ഭൂരിപക്ഷത്തിന് ആവശ്യം. നിലവിലെ കണക്കുകൾ അനുസരിച്ച് എൻഡിഎ 185-ൽ അധികം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഭരണം നിലനിർത്തി മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് ഇത് നൽകുന്ന സൂചന.


ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) ജനതാദൾ (യുണൈറ്റഡ്) പാർട്ടിയും ചേർന്ന എൻഡിഎ സഖ്യം ഏറ്റവും വലിയ മുന്നണിയായി മുന്നേറുമ്പോൾ, മഹാഗത്ബന്ധൻ (ആർ.ജെ.ഡി., കോൺഗ്രസ് ഉൾപ്പെടെ) പിന്നിലാണ്. മഹാഗത്ബന്ധൻ 50-ൽ താഴെ സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി ഉയർന്നുവരാനുള്ള സാധ്യതകളാണ് കാണുന്നത്. എൻഡിഎയിലെ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടിക്കും (രാം വിലാസ്) മികച്ച മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.
മഹാഗത്ബന്ധൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർ.ജെ.ഡി. നേതാവുമായ തേജസ്വി യാദവ് സ്വന്തം മണ്ഡലമായ രഘോപൂരിൽ തുടക്കത്തിൽ പിന്നിലായിരുന്നെങ്കിലും നിലവിൽ ലീഡ് തിരിച്ചുപിടിച്ചു. അതേസമയം, പ്രമുഖ പാർട്ടികൾക്കൊപ്പമില്ലാതെ ഒറ്റയ്ക്ക് മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജൻ സൂരജ് പാർട്ടിക്ക് കാര്യമായ സ്വാധമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. അന്തിമ ഫലം വൈകുന്നേരത്തോടെ മാത്രമേ പൂർണ്ണമായും ലഭ്യമാകൂ.





