തദ്ദേശ തിരഞ്ഞെടുപ്പ്: സ്കൂൾ ക്രിസ്മസ് പരീക്ഷാ തീയതികൾ മാറും


തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്രിസ്മസ് പരീക്ഷാ തീയതികളിൽ മാറ്റം വരുന്നു. ക്രിസ്മസ് അവധിക്ക് മുൻപും ശേഷവുമായി രണ്ട് ഘട്ടങ്ങളിലായി പരീക്ഷകൾ നടത്താനാണ് നിലവിൽ സാധ്യത. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
2025-2026 അധ്യയന കലണ്ടർ അനുസരിച്ച്, രണ്ടാം വർഷ വാർഷിക പരീക്ഷകൾ ഡിസംബർ 11 മുതലാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിന്റെ തീയതികളും വോട്ടെണ്ണലും പ്രഖ്യാപിച്ചതോടെയാണ് പരീക്ഷാ ദിവസങ്ങൾ മാറ്റേണ്ട സാഹചര്യമുണ്ടായത്. ഡിസംബർ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ 13-നാണ്.


വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ ഭൂരിഭാഗവും സ്കൂളുകളാണ്. കൂടാതെ, അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഉണ്ടാകും. ഈ സാഹചര്യത്തിൽ, തിരഞ്ഞെടുപ്പിനും വോട്ടെണ്ണലിനും അവധിക്കും ശേഷമേ പരീക്ഷകൾ നടത്താൻ കഴിയുകയുള്ളൂ.
ഡിസംബർ 13-ന് തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാൽ പിന്നെ ക്രിസ്മസ് അവധിക്ക് മുൻപ് അഞ്ച് പ്രവർത്തി ദിവസങ്ങളാണ് ലഭിക്കുക. ഇതിൽ ഒരു ദിവസം ക്രിസ്മസ് ആഘോഷത്തിനായി മാറ്റിവെച്ചാൽ ശേഷിക്കുന്നത് നാല് ദിവസങ്ങൾ മാത്രമാണ്. ഡിസംബർ 20 മുതൽ 28 വരെയാണ് ക്രിസ്മസ് അവധി. ബാക്കി പരീക്ഷകൾ ഡിസംബർ അവസാന ദിവസങ്ങളിലും ജനുവരി ആദ്യ ദിവസങ്ങളിലുമായി നടത്തേണ്ടിവരും. അതുമല്ലെങ്കിൽ അവധി കഴിഞ്ഞ ശേഷം എല്ലാ പരീക്ഷകളും നടത്തേണ്ടിവരും. വിദ്യാഭ്യാസ ഗുണനിലവാര അവലോകന സമിതി യോഗത്തിലായിരിക്കും പരീക്ഷാ നടത്തിപ്പിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.





