അപകടം; സൂക്ഷിക്കുക : ഇവിടെ കനാലുണ്ട്






കൊച്ചി മധുര ദേശീയപാതയിൽ പുത്തൻകുരിശ് മാനാന്തടം പാൽ സൊസൈറ്റിക്ക് സമീപം സുരക്ഷാഭിത്തിയില്ലാത്ത പെരിയാർവാലിയുടെ കനാൽ അപകടഭീഷമിയാണ്. റോഡിലൂടെ പോകുന്നവർക്ക് ഇവിടെ ഒരു കനാലുള്ളതായി യാതൊരുവിധ മുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ല.
ദേശീയപാതയുടെ വശങ്ങൾ കാന നിർമ്മിച്ച് വീതി കൂട്ടിയതോടുകൂടി കനാലും ദേശീയപാതയും മൂന്ന് അടി വ്യത്യാസം മാത്രമാണുള്ളത്.
പടിഞ്ഞാറ്, കിഴക്ക് ഭാഗത്ത് നിന്നും റോഡിൻ്റെ നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി സുഗമമായി കിടക്കുന്ന റോഡിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുന്ന ന്യൂ ജനറേഷൻ വാഹനങ്ങൾ അപകടം ഇരട്ടിയാകും. ഈ റോഡിനെ കുറിച്ചോ ഇവിടുത്തെ സാഹചര്യങ്ങളെ കുറിച്ച് അറിവില്ലതെ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ സൈഡ് കൊടുക്കുന്നതിന് കനാൽ സൈഡിലേക്ക് ചേർന്നാൽ ഒട്ടും വൈകാതെ തൊട്ടടുത്തുള്ള കനാലിലേക്ക് പതിക്കുന്ന സ്ഥിതിയിലാണ്.
ഇളകി കിടക്കുന്ന മണ്ണും യാതൊരുവിധ സംരക്ഷണവും ഇല്ലാതെ തുറന്നുകിടക്കുന്ന ഈ പ്രദേശത്ത് ഏതുസമയവും ഒരു അപകടം പ്രതീക്ഷിക്കാം. ദേശീയപാത അധികൃതർ ഇത് ശ്രദ്ധിക്കാത്തത് നാട്ടുകാരിൽ ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പൂത്തൻകുരിശ് ടൗണിൽ മഴ പെയ്യുമ്പോൾ കടകളിലേക്ക് മറ്റും വെള്ളം അതിരൂക്ഷമായി ഇരച്ചുകയറുന്ന ഈ പ്രദേശത്ത് ചെറിയ ഒരു കാന മാത്രമാണ് ഏക ആശ്രയം. ഇതിൻ്റെ വീതി കൂട്ടി വെള്ളം സുഗമമായ രീതിയിൽ ഒഴുകുന്ന രീതിയിൽ നിർമാണം ദൃതഗതിയിൽ നടന്നില്ലെങ്കിൽ പൗരസമിതിയും ജനകീയ റസിഡൻസ് അസോസിയേഷൻ വ്യാപാരി വ്യവസായി സമൂഹം മറ്റു വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്.
ദേശീയപാത അധികൃതരെ വഴിയിൽ തടയുന്നത് അടക്കമുള്ള സമരപരിപാടിയിലേക്ക് ഉടൻ തിരിയും എന്നാണ് നാട്ടുകാരുടെ ഭാഗത്തുനിന്നും കിട്ടുന്ന മറുപടി. ഇവിടെ സൈഡിലുമുള്ള കാനകളിൽ നിന്ന് റോഡ് മുറിച്ച് കടന്ന് പുത്തൻകുരിശ് ടൗണിനോട് ചേർന്ന് തന്നെ പാടശേഖരങ്ങളിലേക്ക് സുഗമമായി വെള്ളം ഒഴുകാൻ ഉള്ള ഒരുതോട് ഉണ്ടെങ്കിലും ഈ തോട് വീതി കൂട്ടാത്തതും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താത്തത് മൂലം രൂക്ഷമായ വെള്ളക്കെട്ട് ആണ് നിലവിൽ ഈ പ്രദേശത്ത് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിനൊരു പരിഹാരം എന്ന നിലയിലാണ് ദേശീയപാതയുടെ നിർമ്മാണത്തിൽ കാനനിർമ്മാണം ഉണ്ടാകുമെന്നാണ് നാട്ടുകാരും വ്യാപാരി സമൂഹവും പ്രതിക്ഷിച്ചിരുന്നത്.

