

കാസർഗോഡ് :കരിന്തളം കോളേജിലെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യക്കെതിരെയാണ് പോലീസിന്റെ കുറ്റപത്രം. വ്യാജ രേഖകൾ നിർമ്മിക്കുന്നതിന് വിദ്യയെ മറ്റാരും സഹായിച്ചിട്ടില്ല. വിദ്യ മാത്രമാണ് കേസിലെ പ്രതി. വ്യാജ രേഖകൾ നിർമിച്ച അധ്യാപന നിയമനത്തിനായി സമർപ്പിച്ചു എന്നും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ കൃത്രിമ രേഖകൾ ഉപയോഗിച്ച് നേടിയ ജോലിയിൽ നിന്നും കെവിദ്യ സർക്കാർ ശമ്പളം കൈപ്പറ്റിയിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.


കെ.വിദ്യയ്ക്ക് മേൽ ചുമത്തിയിട്ടുള്ള കുറ്റകൃത്യങ്ങൾ വ്യാജരേഖ നിർമ്മിക്കൽ, വഞ്ചന, വ്യാജരേഖ സമർപ്പിക്കൽ,തെളിവ് നശിപ്പിക്കൽ എന്നിവയാണ്. നീലേശ്വരം പോലീസ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത് ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ്.കേസിന്റെ ഭാഗമായി കെ.വിദ്യയെ നീലേശ്വരം പോലീസ് മുൻപേ അറസ്റ്റ് ചെയ്തിരുന്നു. താൻ സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഫോണിൽ ആണെന്നും ആ ഫോൺ കേടായതുമൂലം ഉപേക്ഷിച്ചിരുന്നുവെന്നുമാണ് വിദ്യ നൽകിയിരുന്ന മൊഴി. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ വിദ്യയ്ക്ക് ചോദ്യംചെയ്യലിന് ഹാജരാകാൻ നീലേശ്വരം പോലീസ് നോട്ടീസ് അയച്ചിരുന്നു. അഗിളി പോലീസും വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.വിദ്യ നൽകിയ സർട്ടിഫിക്കറ്റിലെ സീലിലും ലോഗോയിലും സംശയം തോന്നിയ ഇന്റർവ്യൂ പാനൽ മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടതോടെയാണ് കഴിഞ്ഞ 10 വർഷമായി മഹാരാജാസിൽ ഗസ്റ്റ് അധ്യാപകരെ നിയമിച്ചിട്ടില്ലെന്ന് വ്യക്തമായത്.2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസ് കോളേജിൽ മലയാളം വിഭാഗത്തിൽ ഗസ്റ്റ് അധ്യാപികയായിരുന്നുവെന്ന വ്യാജ സർട്ടിഫിക്കറ്റുകളാണ് വിദ്യ നൽകിയിരുന്നത്. ഇതേ തുടർന്ന് മഹാരാജാസ് കോളേജ് പ്രിൻസിപ്പലാണ് ആദ്യമായി വിദ്യക്കെതിരെ പരാതി നൽകുന്നത്. പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു പിന്നീട് അത് അഗ്നി പോലീസിന് കൈമാറുകയായിരുന്നു.