

പാലക്കാട്: പാലക്കാട് കല്ലേക്കാട് ബാങ്ക് കുത്തി തുറന്ന് കവർച്ചയ്ക്ക് ശ്രമിച്ച കേസിൽ കർണാടക സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ. പാലക്കാട് ടൗൺ നോർത്ത് പോലീസ് രമേശ് അശ്വത് എന്നിവരെയാണ് പിടികൂടിയത്. ആന്ധ്രയിൽ മറ്റൊരു കവർ കേസിൽ പിടിയിലായ ഇരുവരെയും പാലക്കാട് പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
അറസ്റ്റിന് ആസ്പദമായ സംഭവം കഴിഞ്ഞവർഷം ജൂലൈ പുലർച്ചെയായിരുന്നു. കല്ലേക്കാടുള്ള ബാങ്കിൽ കവർച്ച ശ്രമം ഉണ്ടായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. ബാങ്കിന്റെ ജനൽ കമ്പികൾ കട്ടിങ് മെഷീൻ ഉപയോഗിച്ച് മുറിച്ച ശേഷം മോഷ്ടാക്കൾ ബാങ്കിനകത്ത് കയറി. മുന്നറിയിപ്പ് നൽകുന്നതിനുള്ള സൈറൺ വിച്ഛേദിച്ച ശേഷം ബാങ്ക് ലോക്കർ പൊളിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഇതിൽ ഇവർ പരാജയപ്പെടുകയാണുണ്ടായത്.തുടർന്ന് അവർ ശ്രമം ഉപേക്ഷിക്കുകയാണ് ഉണ്ടായത്.


തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കൈയുറകളും പോലീസ് കണ്ടെത്തിയിരുന്നു. ഇവർ കവർച്ചാ ശ്രമത്തിനായി ഉപയോഗിച്ച വാഹനവും ആദ്യദിനം തന്നെ പിടികൂടിയിരുന്നു. ഈ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് പ്രതി രമേഷിന്റെ ഭാര്യയുടെ പേരിലാണ്. ഈ പ്രദേശത്തുള്ള സി.സി.ടി.വി ക്യാമറകളുടേയും ടോൾ ബൂത്ത് ക്യാമറകളുടെയും സഹായത്തോടെയാണ് നോർത്ത് പോലീസ് ഈ സംഘത്തെ കുറിച്ചുള്ള സൂചനകൾ ശേഖരിച്ചത്. പിടിയിലായവരുടെ മൊഴിയനുസരിച്ച് കവർച്ചാ ശ്രമത്തിൽ അഞ്ചിലേറെ പേരുണ്ടെന്നതാണ് പോലീസിന് ലഭിച്ചവിവരം. നിലവിൽ ഇവരുടെ പേരിൽ മറ്റു സംസ്ഥാനങ്ങളിലും കവർച്ച കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.