

ജയ്പൂർ: ബിജെപി എം. എൽ. എ രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ മാംസാഹാര വില്പനശാലകൾ ഉടൻ അടച്ചു പൂട്ടണമെന്ന വിവാദ പ്രസ്താവന ഇറക്കി.
ജയ്പൂരിലെ ഹവാമഹൽ മണ്ഡലത്തിൽ നിന്നും വിജയിച്ച ബിജെപി നേതാവ് ബാൽമുകുന്ദ് ആചാര്യയാണ് വിവാദ ഉത്തരവുമായി രംഗത്തെത്തിയിട്ടുള്ളത്. ബാൽമുകുന്ദ് ആചാര്യയുടെ നിർദ്ദേശപ്രകാരം പ്രദേശത്തെ തെരുവുകളിലെ മാംസാഹാരം നൽകുന്ന എല്ലാ ഭക്ഷണശാലകളും അടച്ചുപൂട്ടാനായിരുന്നു ഉത്തരവ്.
ബിജെപി എംഎൽഎ ബാൽമുകുന്ദ് ആചാര്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് ഇങ്ങനെയായിരുന്നു.
” റോഡിൽ മാംസാഹാരം പരസ്യമായി വിൽക്കാൻ കഴിയുമോ? നിങ്ങൾ ഇതിനെ പിന്തുണയ്ക്കുകയാണോ? വഴിയോരത്ത് എല്ലാ മാംസാഹാര വില്പനശാലകളും ഉടൻപൂട്ടണം ഞാൻ വൈകുന്നേരം റിപ്പോർട്ട് ആവശ്യപ്പെടും. “
വീഡിയോ വൈറലായതോടെ പ്രതികരണവുമായി എ.ഐ. എം. ഐ.എം തലവൻ അസദുദ്ദിൻ ഒവൈസി രംഗത്ത് എത്തി. ഈ ഉത്തരവ് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ആർക്കെങ്കിലും ഇങ്ങനെ ചെയ്യാൻ സാധിക്കുമോ? എന്നും അദ്ദേഹം ചോദിച്ചു. ആർക്കും ഇത് തടയാൻ കഴിയില്ല സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് എങ്ങനെ തടയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാൽമുകുന്ദ് എം.എൽ.എ യുടെ വിവാദാത്മകമായ ഈ നിർദേശത്തിന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ബാൽമുകുന്ദ് ആചാര്യ വിജയം നേടിയത് കോൺഗ്രസിലെ ആർ. ആർ തിവാരിയെ 600 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്. 115 സീറ്റുകൾ നേടിയാണ് രാജസ്ഥാനിൽ ബിജെപി അധികാരം പിടിച്ചെടുത്തത്. എന്നാൽ കോൺഗ്രസിന് 69 സീറ്റുകളിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചിട്ടുള്ളത്.