KERALA

കുസാറ്റ് ദുരന്തം : 2 പെൺകുട്ടികളും 2 ആൺകുട്ടികളുമാണ് മരിച്ചത്

കൊച്ചിയിൽ വൻ ദുരന്തം: കുസാറ്റിൽ ഗാനമേളക്കിടെ മഴ പെയ്തു, തിരക്കിൽ 4 പേർ മരിച്ചു, 46 പേർക്ക് പരിക്ക്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു. രണ്ട് പേർ പെൺകുട്ടികളും രണ്ട് പേർ ആൺകുട്ടികളുമാണ്. തിരക്കിൽ പെട്ട് 46 പേർക്ക് പരിക്കേറ്റുവെന്നും വിവരമുണ്ട്. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല.

2000ത്തിലേറെ കുട്ടികൾ പഠിക്കുന്നതാണ് കുസാറ്റിലെ എഞ്ചിനീയറിങ് കോളേജ്. മൂന്ന് ദിവസമായി നടന്ന ടെക് ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് അവസാന ദിനം ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാർത്ഥികളുടെ വലിയ തിരക്കുണ്ടായിരുന്നു.

പെട്ടെന്ന് മഴ പെയ്തപ്പോൾ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവർ തിക്കി തിരക്കി കയറി. ഇതോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികൾക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ ഒരാൾ മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാർത്ഥികളടക്കമുള്ളവർ പരിപാടി ആസ്വദിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെല്ലാം വിദ്യാർത്ഥികളാണെന്നാണ് കരുതുന്നത്. എന്നാൽ പൊതുജനങ്ങൾക്കടക്കം ആർക്കും ഏത് സമയത്തും വരാവുന്ന പ്രദേശമാണ് ഇവിടം. മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇവരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് മെഡിക്കൽ കോളേജിൽ നിന്ന് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button