കോലഞ്ചേരി മേഖലയിൽ പച്ചക്കറികൾക്ക് തോന്നും വില ഈടാക്കുന്നതായി പരാതി. ബില്ലില്ലാത്ത കച്ചവടത്തിന് ബ്രേക്കിടണമെന്ന് ആവശ്യം
കൂണ് പോലെ പച്ചക്കറി ക്കടകൾ - തോന്നും പോലെ വില ഈടാക്കുന്നു




കോലഞ്ചേരി: കോലഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും പച്ചക്കറികൾക്ക് തോന്നും വില ഈടാക്കുന്നതായി വ്യാപക പരാതി.കോലഞ്ചേരി,പുത്തൻകുരിശ്, ചൂണ്ടി തുടങ്ങിയ തിരക്കേറിയ ടൗണുകളിലാണ് പ്രധാനമായി പച്ചക്കറി വാങ്ങുവാൻ എത്തുന്ന സാധാരണക്കാരായവരിൽ പലരും പറ്റിക്കപ്പെടുന്നത്. കടകളിലെ തിരക്കിനിടയിൽ തോന്നും വില ഈടാക്കിയാണ് പലരും പറ്റിക്കപ്പെടുന്നത്.
കുറഞ്ഞകാലയളവിൽ കോലഞ്ചേരി ടൗണിലും പുത്തൻകുരിശിലും പരിസരപ്രദേശങ്ങളിലും കൂണുപോലെയാണ് പച്ചക്കറി കടകൾ മുളച്ചു വരുന്നത്.ആളുകൾ വന്നു കൂടുന്ന ടൗണിലും,കവലകളിലുമെല്ലാം താൽക്കാലിക തട്ടുകൾ അടിച്ചു തയ്യാറാക്കി സമീപ മാർക്കറ്റ് പ്രദേശങ്ങളായ ആലുവ,എറണാകുളം, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് പച്ചക്കറികൾ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇവയാണ് ആവശ്യക്കാർക്ക് തോന്നും വിലയ്ക്ക് നൽകുന്നതും.


കോലഞ്ചേരി, പുത്തൻകുരിശ് ടൗണുകളിൽ 40 രൂപ തക്കാളി ഈടാക്കുമ്പോൾ അല്പം മാറി 35 രൂപയാക്കുന്നതും അവിടെനിന്നും തിരക്ക് കുറഞ്ഞ ഗ്രാമപ്രദേശങ്ങളിൽ എത്തുമ്പോൾ ഇവയ്ക്ക് 25 രൂപയിലേക്ക് തക്കാളിയുടെ വില താഴുന്നതും കാണാം.
വൈകിട്ട് നാലുമണിയോടെയാണ് പ്രദേശത്തെ പച്ചക്കറി കടകൾ സജീവമാകുന്നത്.ജോലി കഴിഞ്ഞും,ദിവസ പണി കഴിഞ്ഞു മെല്ലാം പച്ചക്കറി കടയിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തുന്ന സമയത്താണ് ഉപഭോക്താക്കളിൽ നിന്നും തോന്നും വില ഈടാക്കി ഇവരെ പറഞ്ഞു വിടുന്നത്.
കിലോയ്ക്ക് വില ചോദിക്കുമ്പോൾ ഒന്നര കിലോയുടെ വിലയാണ് സാധാരണയായി പല പച്ചക്കറികടളിലും പറഞ്ഞുവരുന്നത്. പ്രദേശത്തെ ഒരു പച്ചക്കറി കടയിലും വില നിലവാര പട്ടിക ഇല്ല എന്നുള്ളതാണ് വാസ്തവം.പലപ്പോഴും യാതൊരു ഗുണനിലവാരവും ഇല്ലാത്ത
പച്ചക്കറികളാണ് തോന്നിയ വിലയ്ക്ക് ഉപഭോക്താക്കൾ മേടിച്ചു വീട്ടിലേക്ക് കൊണ്ട് പോകുന്നതും.
പല കൂട്ടം പച്ചക്കറികൾ മേടിച്ച് ആകെ എത്രയായി എന്ന് ചോദിക്കുമ്പോഴാണ് വല്ലാത്ത തിരക്ക് നടിച്ചും,ആളെ നോക്കിയും വീണ്ടും പറ്റിക്കുന്നത്.പച്ചക്കറി കടകളിൽ ബില്ല് നൽകാത്തതും ഇവർക്ക് തോന്നും വില ഇടാക്കാനുള്ള അവസരവും സൃഷ്ടിച്ച് നൽകുകയാണ്.അല്പം ഉയർന്ന വില ഈടാക്കി എന്ന് ഉപഭോക്താവിന് മനസ്സിൽ തോന്നുമ്പോഴും അടുത്ത ഉപഭോക്താവിന് പച്ചക്കറി എടുത്തു കൊടുക്കേണ്ട തിരക്കിലേക്ക് കടക്കാരൻ മാറുന്നത് കാണുമ്പോൾ പ്രതികരിക്കാതെ ഒന്നും മിണ്ടാതെ സഹിച്ച് പോവുന്നതും പതിവ് കാഴ്ച്ചയാണ്.
ഇതിനെതിരെ അധികൃർ ഒരു ചെറുവിരൽ പോലും അനക്കുന്നില്ല എന്നുള്ളത് ആക്ഷേപമായിമാറിയിരിക്കുകയാണ്.
കപ്പ , ഏത്തക്കായ മറ്റ് നാടൻ കായ ചുരുക്കം ചില പച്ചക്കറികൾ ഒഴിച്ച് ബാക്കിയെല്ലാം പുറത്തു നിന്നെത്തുന്നവയാണ്.വിലവിവരണങ്ങളിൽ ശക്തമായ പരിശോധനകളും നിയന്ത്രണങ്ങളുംഏർപ്പെടുത്തി ഉപഭോക്താവിന് വ്യക്തമായ ബില്ലുകൾ കൊടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങണം എന്ന ആവശ്യവും ശക്തമാണ്

