KERALA

പുത്തൻകുരിശിലും കുണ്ടന്നൂരിലും ട്രംപറ്റ് ഫ്ലൈഓവർ വരുമോ ? 30 മിനിട്ട് ദൂരമായി അങ്കമാലി; കൊച്ചി ഗ്രീൻഫീൽഡ് ബൈപ്പാസ് സ്ഥലമേറ്റെടുപ്പ് ഉടൻ ആരംഭിക്കുന്നു

നിർദ്ദിഷ്ട കൊച്ചി - തേനി വ്യവസായ ഇടനാഴിയും ഈ ഹൈവേയിൽ പുത്തൻകുരിശിൽ നിന്നായിരിക്കും ആരംഭിക്കുക

കൊച്ചി: ദേശീയപാത 544 വഴി കടന്നുപോകാനുള്ള പുതിയ ഗ്രീൻഫീൽഡ് ഹൈവേയ്ക്കുള്ള സ്ഥലമേറ്റെടുപ്പ് ഉടൻ തുടങ്ങുന്നു. നഗരത്തിരക്ക് ഒഴിവാക്കി ആറുവരിയിൽ സെമി ആക്സസ് കൺട്രോൾഡ് ഹൈവേ ആയി നിർമിക്കുന്ന പാത കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ റോഡായിരിക്കും.ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പ്രാരംഭ നിർമാണപ്രവർത്തനങ്ങൾ തുടങ്ങാനാണ് ദേശീയപാതാ അതോരിറ്റിയുടെ പദ്ധതി.

ട്രംപറ്റ് ഫ്ലൈഓവറിന്റെ പ്രതീകാത്മക ചിത്രം

പാതയ്ക്കു വേണ്ടി മൊത്തം 280 കിലോമീറ്റർ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. അങ്കമാലിയ്ക്ക് സമീപം കരയാമ്പറമ്പു നിന്ന് ആരംഭിച്ച് 47.4 കിലോമീറ്റർ ദൂരത്തിൽ കുണ്ടന്നൂരിനടുത്ത് നെട്ടൂരിൽ എത്തിച്ചേരുന്ന തരത്തിലാണ് പാത നിർമിക്കുക. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ടിയുപി കൺസൾട്ടൻസി തയ്യാറാക്കിയ അലൈൻമെൻ്റ് കഴിഞ്ഞ മാസമാണ് ദേശീയപാതാ അതോരിറ്റി അംഗീകരിച്ചത്. അലൈൻമെൻ്റ് സംബന്ധിച്ച വിവരങ്ങൾ സംസ്ഥാന റവന്യൂ വകുപ്പിന് കൈമാറിയാൽ ഉടൻ തന്നെ സ്ഥലമേറ്റെടുപ്പ് നടപടികൾ ആരംഭിക്കും. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ തന്നെ 3 എ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സ്ഥലമേറ്റെടുപ്പ് ചുമതലയുള്ള സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ പദ്മനാഭൻ കുറുപ്പിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.ആറുവരിയിൽ സെമി ആക്സസ് കൺട്രോൾഡ് ഹൈവേ ആയി നിർമിക്കുന്ന പാത കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ റോഡായിരിക്കും.

കൊച്ചി നഗരം പൂർണമായും ഒഴിവാക്കി ജനവാസം കുറഞ്ഞ മേഖലകളിലൂടെയായിരിക്കും ഹൈവേ നിർമിക്കുക. നിലവിലെ ദേശീയപാത വഴി ഇതേ ദൂരം പിന്നിടാൻ ഒന്നര മണിക്കൂർ വരെ സമയമെടുക്കും. എന്നാൽ പത്ത് കിലോമീറ്ററോളം അധികദൂരമുണ്ടെങ്കിലും നിർദിഷ്ട ബൈപ്പാസ് വഴി 30 മിനിട്ടിനുള്ളിൽ എത്തിച്ചേരാനാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. സിഗ്നലുകളും ജംഗ്ഷനുകളും പൂർണമായും ഒഴിവാക്കിയായിരിക്കും നിർമാണം. ഇരുവശത്തേയ്ക്കും മൂന്ന് വരി വീതം ലെയ്നുകളും സർവീസ് റോഡുകളുമുണ്ടാകും.
ആലുവ, കുന്നത്തുനാട്, കണയന്നൂർ താലൂക്കുകളിലൂടെയാണ് പാത കടന്നുപോകുന്നത്. കരയാമ്പറമ്പു നിന്ന് ആരംഭിച്ച് കിഴക്കോട്ടു തിരിഞ്ഞ് വേങ്ങൂരിനു സമീപം പാത എംസി റോഡ് മുറിച്ചുകടക്കും. നെടുമ്പാശേരി വിമാനത്താവളത്തിനും പെരിയാറിനും ഇടയിലൂടെയാണ് പാതയുടെ പ്രാഥമിക അലൈൻമെൻ്റ്. മുടിക്കലിനു സമീപം നിർമിക്കുന്ന പുതിയ പാലത്തിലൂടെ പെരിയാർ മുറിച്ചുകടക്കുന്ന ബൈപ്പാസ് തൊട്ടടുത്തു തന്നെ ആലുവ – മൂന്നാർ റോഡും മുറിച്ചുകടക്കും. വീണ്ടും തെക്കോട്ടു നീങ്ങി പോഞ്ഞാശേരിയ്ക്ക് സമീപം ആലുവ – കോതമംഗലം സംസ്ഥാനപാതയും മുറിച്ചുകടക്കും. പട്ടിമറ്റം ടൗണിനു സമീപത്തു വെച്ച് കാക്കനാട് – മൂവാറ്റുപുഴ റോഡ് മുറിച്ചുകടക്കുന്ന ആറുവരിപ്പാത പുത്തൻകുരിശ് ജംഗ്ഷന് അടുത്തുവെച്ച് നിലവിലെ ദേശീയപാതയും മറികടക്കും. വീണ്ടും തെക്കോട്ടു നീങ്ങുന്ന പാത വയൽപ്രദേശത്തു കൂടി കടന്നുപോയി പടിഞ്ഞാറോട്ടു തിരിയും. തിരുവാങ്കുളം ജംഗ്ഷൻ്റെയും തൃപ്പൂണിത്തുറയുടെയും തെക്കുഭാഗത്തു കൂടി നീങ്ങിയാണ് നെട്ടൂരിൽ എത്തുന്നത്. പ്രാഥമിക അലൈൻമെൻ്റിൽ നിന്ന് അധികം വ്യത്യാസങ്ങളില്ലെങ്കിലും അന്തിമ റൂട്ട് സംബന്ധിച്ച് വ്യക്തതയില്ല.

ട്രംപറ്റ് ഫ്ലൈഓവറിന്റെ പ്രതീകാത്മക ചിത്രം

നിർദ്ദിഷ്ട കൊച്ചി – തേനി വ്യവസായ ഇടനാഴിയും ഈ ഹൈവേയിൽ പുത്തൻകുരിശിൽ നിന്നായിരിക്കും ആരംഭിക്കുക. ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ലെങ്കിലും ഇവിടെ ഒരു ട്രംപറ്റ് ഫ്ലൈഓവറിനാണ് സാധ്യത. പുത്തൻകുരിശിനു സമീപം ഒന്നാകുന്ന പുതിയ ബൈപ്പാസും കൊച്ചി – തേനി പാതയും സമ്മേളിച്ച് ഒരൊറ്റ റോഡായി നെട്ടൂരിൽ എത്തിച്ചേരും. ഇവിടെയും സമാനമായ ഫ്ലൈഓവർ നിർമിക്കുമെന്നാണ് കരുതുന്നത്. 45 മീറ്റർ വീതിയിലാണ് പദ്ധതിയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരിക. ഇതിനായി 25 ശതമാനം തുക സംസ്ഥാന സർക്കാർ അനുവദിക്കുക. 3എ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുക, കെട്ടിടങ്ങളുടെയും ഭൂമിയുടെയും മൂല്യം നിശ്ചയിക്കുക. ഭൂമി അളന്നു തിരിച്ച് ഏറ്റെടുക്കുക, ടെൻഡർ ക്ഷണിക്കുക തുടങ്ങിയവയാണ് ഇനി ശേഷിക്കുന്ന ജോലികൾ. ഇവ ഒരു വർഷത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. മൂന്ന് വ‍ർഷം കൊണ്ട് നി‍ർമാണം പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

തൃശൂർ മുതൽ അങ്കമാലി വരെ ദേശീയപാത ആറുവരിയായി വികസിക്കുന്നതോടൊപ്പം ബൈപ്പാസിൻ്റെ നി‍ർമാണം കൂടി പൂർത്തിയാകുന്നതോടെ തെക്കൻ കേരളത്തിൽ നിന്ന് പാലക്കാട്, കോയമ്പത്തൂർ, ബാംഗ്ലൂർ ഭാഗങ്ങളിലേയ്ക്കുള്ള യാത്ര എളുപ്പമാകും. ദീ‍ർഘദൂരയാത്രക്കാർ പുതിയ പാതയിലേയ്ക്ക് മാറുന്നതോടെ നിലവിലെ ബൈപ്പാസിലെയും ഇടപ്പള്ളി – ആലുവ ഭാഗത്തെയും തിരക്കൊഴിയും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button