കോരൻ കടവ് പാലം ഗതാഗതത്തിന് ഇന്ന് തുറന്ന് നൽകുന്നു; മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും




കോലഞ്ചേരി: കാത്തിരിപ്പിന് വിരാമമിട്ട് കോരൻ കടവ് പാലം ഗതാഗതത്തിനായി തുറക്കുന്നു. പിറവം- കുന്നത്തുനാട് നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ചു നിർമ്മാണം പൂർത്തിയാക്കിയ കോരൻകടവ് പാലം ശനിയാഴ്ചപകൽ 12.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഗതാഗതത്തിനായി തുറന്ന് നൽകും. പി.വി.ശ്രീനിജിൻ എം.എൽ.എ.അധ്യക്ഷത വഹിക്കും. അനൂപ് ജേക്കബ് എം.എൽ.എ.മുഖ്യാതിഥി ആകും.
പാലം യാഥാർത്ഥ്യമാകുന്നതോടെ പിറവം, കൂത്താട്ടുകുളം മേഖലകളിൽ നിന്ന് കോലഞ്ചേരിയിലേക്കുള്ള ദൂരം ഗണ്യമായി കുറയും. ഇതോടെ രണ്ട് മണ്ഡലങ്ങളുടെയും ഗ്രാമീണ മേഖലയിൽ വൻ വികസന മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
മൂവാറ്റുപുഴയാറിന് കുറുകെ 134 മീറ്റർ നീളത്തിൽ ഇരുവശത്തും ഒന്നര മീറ്റർ നടപ്പാതയടക്കം11 മീറ്റർ വീതിയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.


പാലം പണി പൂർത്തിയാക്കിയിട്ട് നാളുകളേറെയായെങ്കിലും അപ്രോച്ച് റോഡിനെ ചൊല്ലി ഉയർന്ന സാങ്കേതിക പ്രശ്‌നങ്ങളാണ് പാലം തുറന്ന് നൽകൽ വൈകിപ്പിച്ചത്.എം.എം.മോനായി എം.എൽ.എ.ആയിരിക്കവേ 2010ൽ സംസ്ഥാന സർക്കാർ ബഡ്ജറ്റിൽപ്പെടുത്തി പാലത്തിന് 9.15 കോടി രൂപ അനുവദിച്ചതോടെയാണ് അവികസിത മേഖലയായ ഇവിടത്തുകാരുടെ പാലമെന്ന പ്രതീക്ഷകൾക്ക് ചിറക് മുളച്ചത്.2010 ഡിസംബർ 13ന് അന്നത്തെ പൊതുമരാമത്ത് വകുപ്പുമന്ത്രി എം. വിജയകുമാർ പാലത്തിന് തറക്കല്ലിട്ടു.
വൈകാതെ നിർമ്മാണവും ആരംഭിച്ചു. എന്നാൽ പുഴയിലെ അഞ്ചുകാലുകൾ മാത്രം പൂർത്തിയായതോടെ രണ്ട് വർഷങ്ങൾക്ക് ശേഷം പാലം പണി നിലച്ചു. പിന്നീട് പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ നൽകി.പുതുക്കിയ നിരക്കുപ്രകാരം എസ്റ്റിമേറ്റെടുത്ത് 14.3 കോടി രൂപ അനുവദിച്ച് വീണ്ടും ടെൻഡർ വിളിച്ച് എട്ട് വർഷങ്ങൾക്ക് ശേഷം 2020ൽ പാലം പണി പുനരാരംഭിച്ചു.അപ്രോച്ച് റോഡിനായുള്ള കാത്തിരിപ്പിനൊടുവിൽ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ ഇടപെടലോടെ 14,38,79, 940 രൂപയുടെ പുതുക്കിയ ഭരണാനുമതി 2023ൽ നൽകി.ഇതോടെയാണ് ഒരു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ പാലം യാഥാർത്ഥ്യമായത്.

