കൊച്ചി വാട്ടർ മെട്രോ ജനങ്ങൾക്ക് സമർപ്പിച്ച് പ്രധാനമന്ത്രി
കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി.




തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, റെയില്‍വേ മന്ത്രി അശ്വനികുമാര്‍ വൈഷ്ണവ്, എംപി ശശി തരൂര്‍, മന്ത്രിമാരായ വി അബ്ദുറഹ്‌മാന്‍, ആന്റണി രാജു എന്നിവരെ സാക്ഷിയാക്കിയാണ് കൊച്ചി വാട്ടര്‍ മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
മെട്രോ റെയിലിന് അനുബന്ധമായി വാട്ടര്‍ മെട്രോ സര്‍വീസുള്ള രാജ്യത്തെ ഏക മെട്രോയായി ഇതോടെ കൊച്ചി മാറി. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍നിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസ്. നാളെ മുതല്‍ പൊതുജനങ്ങള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോയിലൂടെ യാത്രചെയ്യാം.


വൈറ്റില – കാക്കനാട് റൂട്ടില്‍ മറ്റന്നാള്‍ മുതല്‍ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെയാണ് വാട്ടര്‍ മെട്രോയുടെ സര്‍വീസ്. യാത്രക്കാരുടെ എണ്ണം പരിശോധിച്ച് പിന്നീട് സമയം നിജപ്പെടുത്തും എന്നും മെട്രോ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നൂറുപേര്‍ക്ക് യാത്ര ചെയ്യാവുന്ന എട്ട് ഇലക്ട്രിക്-ഹൈബ്രിഡ് ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ഭാഗമായി ഉള്ളത്.


747 കോടി രൂപ ചെലവ് വരുന്ന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 10 ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 ബോട്ടുകള്‍ സര്‍വീസ് നടത്തും. വാട്ടര്‍ മെട്രോയില്‍ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും പരമാവധി 40 രൂപയുമാണ് ഈടാക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഴ്ച തോറുമുള്ള പാസിന് 180 രൂപയും മാസം തോറും പാസിന് 600 രൂപയും മൂന്ന് മാസത്തെ പാസിന് 1500 രൂപയുമാണ് ഈടാക്കുന്നത്.


ഒറ്റത്തവണ യാത്രയ്ക്കുള്ള ടിക്കറ്റും വിവിധ യാത്രാ പാസുകളും ടെര്‍മിനലുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍ നിന്ന് ലഭിക്കും. മെട്രോ റെയിലിലെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് വാട്ടര്‍ മെട്രോയിലും യാത്ര ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത. കൊച്ചി വണ്‍ ആപ്പിലൂടെ ബുക്ക് ചെയ്യുന്ന മൊബൈല്‍ ക്യുആര്‍ കോഡ് ഉപയോഗിച്ചും ടിക്കറ്റെടുത്ത് യാത്ര ചെയ്യാം.