പഴന്തോട്ടം – വടവുകോട് റോഡിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഒൺലൈനായി നിർവഹിച്ചു.


കോലഞ്ചേരി: അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു ജനക്ഷേമ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആധുനിക നിലവാരത്തിൽ പുനർ നിർമ്മിച്ച പഴന്തോട്ടം – വടവുകോട് റോഡിൻ്റെ ഉദ്ഘാടനം ഒൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനം സർവ്വ മേഖലകളിലും മുന്നേറ്റത്തിൻ്റെ പാതയിലാണ്. ആധുനിക നിലവാരത്തിൽ പൂർത്തിയാകുന്ന റോഡുകളും പാലങ്ങളുമെല്ലാം വികസന കാര്യത്തിൽ സർക്കാരിനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.


പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.വി.ശ്രീനിജിൻ എം.എൽ.എ.മുഖ്യാതിഥിയായി. പൊതുമരാമത്ത് വകുപ്പ് അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ചാണ് റോഡ് ആധുനിക നിലവാരത്തിൽ പുനർ നിർമ്മിച്ചത്. 2.65 കി.മീറ്റർ നീളമുള്ള റോഡ് 5.6 മീറ്റർ വീതിയിൽ ബി.എം.ബി.സി നിലവാരത്തിലാണ് ടാറിങ്ങ് പൂർത്തിയാക്കിയത്. റോഡിൽ കോൺക്രീറ്റ് ഷോൾഡറുകൾ, റോഡ് മാർക്കിങ്ങ്, ദിശാ സൂചികകൾ, റോഡ് സുരക്ഷാ ബോർഡുകൾ എല്ലാം സ്ഥാപിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി റോഡ് പുനർനിർമ്മാണത്തിൽ നേരിയ കാലതാമസം വരുത്തിയെങ്കിലും പി.വി.ശ്രീനിജിൻ എം.എൽ.എ.യുടെ ഇടപെടലുകളെ തുടർന്നാണ് പ്രവൃത്തികൾ വേഗത്തിലായത്. വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡൻ്റ് സോണിയ മുരുകേശൻ, ജോർജ് ഇടപ്പരത്തി, എം.കെ മനോജ്, പി ഡബ്ള്യു ഡി എക്സിക്യൂട്ടീവ് എൻജിനീയർ സിന്ധു പോൾ, അസിസ്റ്റൻ്റ് എൻജിനീയർ ജിൻസി കെ.ജെ, ഓവർസിയർമാർ, സിനി എൻ ,ഫാ.എൽദോസ് കറുത്തേടത്ത്, വിജയൻനായർ, കോൺട്രാക്ടർ മനു ജെ നായർ എന്നിവർ പ്രസംഗിച്ചു.