



കൊച്ചി: സ്വന്തം അമ്മയുടെ കൈകളാൽ കൊലടെയ്യപ്പെട്ട മൂന്ന് വയസ്സുകാരിയായ കല്ല്യാണിയ്ക്ക് അന്ത്യവിശ്രമം. തിരുവാണിയൂർ ഗ്രാമപഞ്ചായത്തിന്റെ പൊതു ശ്മശാനത്തിലാണ് കല്യാണിയുടെ മൃതദേഹം സംസ്ക്കരിച്ചത്.വൈകീട്ട് നാല്മണിയോടുകൂടി ശ്മശാനത്തിലെത്തിച്ച കല്യാണിയ്ക്ക് യാത്രാമൊഴി നൽകാൻ നിരവധിപേരാണ് എത്തിച്ചേർന്നത്.
അതേ സമയം പുഴയിലെറിഞ്ഞു കൊന്ന അമ്മയെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച്ച വൈകിട്ട് ഭർതൃ ഗൃഹത്തിൽ നിന്ന് കുഞ്ഞുമായി ഇറങ്ങിയ സന്ധ്യ സ്വന്തം വീടിനടുത്ത് വച്ചാണ് കുഞ്ഞിനെ പാലത്തിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് വലിച്ചെറിഞ്ഞ് കൊന്നത്. ചൊവ്വാഴ്ച്ച പുലർച്ചെയാണ് കുഞ്ഞിൻ്റെ മൃതശരീരം കണ്ടെടുത്തത്. ഫയർഫോഴ്സും പൊലീസും സംയുക്തമായി നടത്തിയ വ്യാപക തെരച്ചിലിലാണ് പുലർച്ചെ രണ്ടേകാലോടെ കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.
പുത്തൻകുരിശ് മറ്റക്കുഴിയിലെ ഭർത്താവിന്റെ വീടിനടുത്തുള്ള അംഗൻവാടിയിൽ നിന്ന് തിങ്കളാഴ്ച്ച വൈകിട്ട് മൂന്നേ കാലോടെയാണ് മകൾ കല്യാണിയുമായി സന്ധ്യ യാത്ര തുടങ്ങിയത്. അംഗൻവാടിയിലെത്തിയ സന്ധ്യയുടെ പെരുമാറ്റത്തിൽ ആർക്കും സംശയം തോന്നിയതേയില്ല. അംഗൻവാടിയിൽ നിന്ന് തിരുവാങ്കുളത്ത് എത്തിയ സന്ധ്യ റോഡിലൂടെ വളരെ സ്നേഹത്തിൽ കുഞ്ഞിനെയും ഒക്കത്തെടുത്ത് പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
നാടൊന്നാകെ കുഞ്ഞിനുവേണ്ടി കാത്തിരുന്നതിനിടിയിലാണ് എല്ലാവരെയും കണ്ണീരിലാഴ്ത്തി കല്ല്യാണിയുടെ ജീവനറ്റ ശരീരം പുഴയിൽ നിന്നും കണ്ടെടുത്തത്.

