KERALA

ബ്രഹ്മപുരത്തെ ബയോമൈനിങ് പൂർണ പരാജയം; മാലിന്യ മല നീക്കിയില്ലെങ്കിൽ തീപിടിത്തം ആവർത്തിക്കും

ബയോമൈനിങ് പൂർണ പരാജയമെന്ന് ഹരിത ട്രൈബ്യൂണൽ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്

കൊച്ചി: ബയോമൈനിങ് പൂർണ പരാജയമെന്ന് ഹരിത ട്രൈബ്യൂണൽ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട്.പരിസ്ഥിതി നിയമങ്ങൾ, ഗ്രീൻ ട്രൈബ്യൂണൽ നിർദേശങ്ങൾ എന്നിവ പൂർണമായി ലംഘിക്കപ്പെട്ടു. പൂർണ ഉത്തരവാദിത്തം കൊച്ചി കോർപറേഷനാണെന്നും മാലിന്യ മല നീക്കിയില്ലെങ്കിൽ തീപിടിത്തം ആവർത്തിക്കുമെന്നും സംസ്ഥാനതല മോണിറ്ററിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.

ഹൈക്കോടതി റിട്ട: ജസ്റ്റിസ്‌ എ. വി. രാമകൃഷ്ണ പിള്ള ചെയർമാനായ സമിതി മാർച്ച് 13 നാണ് ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് സമർപ്പിച്ചത്. ബ്രഹ്മപുരം പ്ലാന്റിൽ മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സ്ഥലമില്ലെന്ന് ഹെക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു. പദ്ധതി പ്രദേശത്തെ കെട്ടിടങ്ങൾ പലതും നശിച്ചിട്ടുണ്ടെന്നും നിലവിലുള്ള കെട്ടിടങ്ങൾ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പ്രതിപാദിച്ചിരുന്നു.

ബ്രഹ്മപുരത്തേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണം. സമയബന്ധിതമായി ബയോമൈനിങ് പൂർത്തിയാക്കാൻ ആവശ്യമായ യന്ത്രങ്ങൾ പ്ലാന്റിൽ ഇല്ലെന്നും കെട്ടിക്കിടക്കുന്ന മാലിന്യങ്ങളുടെ സംസ്‌കരണം നിയമപരമായല്ല നടക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ബ്രഹ്മപുരം പ്ലാന്റിൽ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാനുള്ള യന്ത്രങ്ങളോ സൗകര്യങ്ങളോ ഇല്ല. ആകെയുള്ളത് ഒരു ഷെഡ് മാത്രം പ്ലാസ്റ്റിക് മാലിന്യത്തിന്റെ ശാസ്ത്രീയ സംസ്‌കരണം നടക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

തീപിടിത്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എംപവേഡ് കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. ജില്ലാ കലക്ടറുടെ ചേംബറില്‍ ചേരുന്ന യോഗത്തില്‍ കൊച്ചി കോര്‍പറേഷന്‍ പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞയാഴ്ച ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് എംപവേഡ് കമ്മിറ്റി രൂപീകരിച്ചത്.

രാവിലെ 10 മണിക്കാണ് യോഗം ചേരുക. ബ്രഹ്മപുരത്തെ ഇതുവരെയുളള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനൊപ്പം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട തുടർനടപടികൾ ചര്‍ച്ചയാകും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഒരറിയിപ്പുണ്ടാകുന്നത് വരെ ബ്രഹ്മപുരത്തേക്ക് കൊണ്ടുപോകരുതെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. നിലവില്‍ ജൈവമാലിന്യങ്ങള്‍ അമ്പലമുകളിലെ കിന്‍ഫ്രയുടെ സ്ഥലത്താണ് നിക്ഷേപിക്കുന്നത്. ബ്രഹ്മപുരത്തെ മാലിന്യസംസ്കരണം ശാസ്ത്രീയമായ രീതിയിലാകുന്നത് വരെ ഇത് തുടരും. ജൈവമാലിന്യം കഴിവതും ഉറവിട സംസ്കരണത്തിലേക്ക് കൊണ്ടുവരാനുളള പദ്ധതികള്‍ ആവിഷ്കരിക്കാനും സാധ്യതയുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button