GLOBAL

International Women’s Day; അറിയാം അന്താരാഷ്ട്ര വനിതാ ദിനത്തെ കുറിച്ച്

സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്

അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം.സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിന് അവരെ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്.മാർച്ച് എട്ടാം തീയതിയാണ് എല്ലാ വർഷവും അന്താരാഷ്ട്ര വനിതാ ദിനം.

1911-ൽ ഓസ്ട്രിയ, ഡെൻമാർക്ക്, ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലാണ് ആദ്യമായി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചത്. സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തി ഒരു ദശലക്ഷത്തിലധികം ആളുകൾ അന്ന് അണിനിരന്നു.അതിനു ശേഷം ഇത്തരമൊരു ദിനാചാരണത്തിന്റെ അർത്ഥവും വ്യാപ്തിയും കൂടുതൽ വർദ്ധിച്ചു.

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ സംഘാടന അവകാശം ഒരു പ്രത്യേക ​ഗ്രൂപ്പിനോ സംഘടനക്കോ സ്വന്തമായുള്ളതല്ല. 1977-ലാണ് ആദ്യമായി യുഎൻ അന്താരാഷ്ട്ര വനിതാ ദിനം ഔദ്യോഗികമായി അംഗീകരിച്ചത്.ലോകമെമ്പാടും പല തരത്തിലുള്ള പരിപാടികളും ആഘോഷങ്ങളുമാണ് ഈ ദിവസത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. ചൈന, റഷ്യ, ഉഗാണ്ട തുടങ്ങിയ ചില രാജ്യങ്ങൾ അന്താരാഷ്ട്ര വനിതാ ദിനം പൊതു അവധിയായി അംഗീകരിച്ചിട്ടുണ്ട്.

‘ലിംഗസമത്വത്തിൽ പുതിയ കണ്ടുപിടിത്തങ്ങളുടെയും സാങ്കേതികവിദ്യയുടെയും സ്ഥാനം’ എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തീം.സ്ത്രീകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സാങ്കേതികവിദ്യ എത്രത്തോളം സഹായകരമാകുന്നു എന്നതാണ് ഈ വർഷത്തെ വനിതാ ദിനം കൂടുതലായും ചർച്ച ചെയ്യുന്നത്.

ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച്, പുരുഷന്മാരേക്കാൾ 259 ദശലക്ഷം കുറവ് സ്ത്രീകൾക്കാണ് ഇന്റർനെറ്റ് ആക്‌സസ് ഉള്ളത്. കൂടാതെ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ മേഖലകളിലും സ്ത്രീകൾക്ക് പ്രാതിനിധ്യം കുറവാണ്. കാലാവസ്ഥാ വ്യതിയാനം, ഗ്രാമീണ മേഖലകളിലെ സ്ത്രീകൾ, എച്ച്ഐവി, എയ്ഡ്സ് തുടങ്ങിയ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു മുൻ വർഷങ്ങളിലെ വനിതാ ദിനത്തിന്റെ തീം.

ലോകാരോഗ്യ സംഘടന 2021-ൽ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് സ്ത്രീകളും അവളുടെ ജീവിതകാലത്ത് ശാരീരികമോ ലൈംഗികമോ ആയ അതിക്രമങ്ങൾക്ക് വിധേയരാകുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button