

കോലഞ്ചേരി: ചൂണ്ടി – രാമമംഗലം റോഡിൽ പൈപ്പുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ജലസേചന വകുപ്പ് 4 കോടി’ 70 ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറും. തുക കൈമാറുന്നതിന് സർക്കാർ ഭരണാനുമതി നൽകി. റോഡിൻ്റെ രണ്ട് വശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന ജലസേചന വകുപ്പിൻ്റെ ജലനിധി പദ്ധതിയിലെ പൈപ്പുകൾ സ്ഥാപിച്ചയിടങ്ങളിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണ് സർക്കാർ 4.70 കോടിയുടെ ഭരണാനുമതി നൽകിയത്. പി.വി.ശ്രീനിജിൻ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ നടപടി. ശോച്യാവസ്ഥയിലായ റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ നേരത്തെ 7.27 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ജലസേചന വകുപ്പിൻ്റെ പൈപ്പ് സ്ഥാപിക്കൽ അവസാനിക്കുന്ന മുറക്കാണ് പണി പൂർണതോതിൽ ആരംഭിക്കാൻ കഴിയൂ. നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായി പി.വി.ശ്രീനിജിൻ എം.എൽ.എ.മുൻകൈ എടുത്തു ജലസേചന വകുപ്പിൻ്റെയും പൊതുമരാമത്ത് വകുപ്പിൻ്റെയും യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. ചൂണ്ടി മുതൽ രാമമംഗലം വരെയുള്ള 5.800 കി.മീ ഭാഗമാണ് റോഡ് ആധുനിക നിലവാരത്തിൽ പുനർ നിർമ്മിക്കുന്നത്. കുടുമ്പനാട് മുതൽ മീമ്പാറ വരെയുള്ള പൈപ്പ് മാറ്റിയടലും പൂർത്തിയായിട്ടുണ്ട്. പൈപ്പ് മാറ്റി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയാലുടൻ റോഡിൻ്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കും. ഇക്കാര്യങ്ങൾ വേഗത്തിലാക്കാൻ എം.എൽ.എ. ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.