എൻസിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി
മുഖ്യാതിഥി കേണൽ വീരേന്ദർ ദത്വാലിയ പരേഡ് പരിശോധിക്കുകയും തുടർന്ന് നടന്ന മാർച്ച് പാസ്റ്റിന്റെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു


വെണ്ണിക്കുളം സെന്റ് ജോർജ്ജസ് ഹയർസെക്കണ്ടറി സ്കൂളിൽ എൻസിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ 18 (K) Bn NCC മൂവാറ്റുപുഴ കമാൻഡിംഗ് ഓഫീസർ കേണൽ വീരേന്ദർ ദത്വാലിയ മുഖ്യാതിഥിയായി പങ്കെടുത്തു. രണ്ട് പ്ലട്ടുണുകളായി തിരിഞ്ഞ് വിശിഷ്ടാതിഥിക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് നടന്ന പാസിംഗ് ഔട്ട് പരേഡിൽ 18 കേരളാ ബെറ്റാലിയന് കീഴിലുള്ള വിദ്യാലയത്തിലെ എൻസിസി യൂണിറ്റിലെ 50 കേഡറ്റുകൾ പങ്കെടുത്തു. മുഖ്യ കമാൻഡർ ആയി സിപിഎൽ ബ്രൈറ്റി പി. ബെന്നി, പ്ലട്ടുൺ കമാൻഡർമാരായി കേഡറ്റ് സർഗ സുബി , കേഡറ്റ് അനന്തു കെ. മുരളി, പതാക വാഹകരായി എൽസിപിഎൽ ക്ലയോൺസ് മാത്യു, സർജന്റ് ജിഷ്ണു സനീഷ് എന്നിവർ പ്രവർത്തിച്ചു. മുഖ്യാതിഥി കേണൽ വീരേന്ദർ ദത്വാലിയ പരേഡ് പരിശോധിക്കുകയും തുടർന്ന് നടന്ന മാർച്ച് പാസ്റ്റിന്റെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കേഡറ്റുകൾ ദേശീയ പതാകയ്ക്ക് അഭിവാദ്യം അർപ്പിക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു
വീഡിയോ കാണാം
തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. ആർ. പ്രകാശ്, വാർഡ് മെമ്പർ സജി പീറ്റർ , സ്ക്കൂൾ മാനേജർ എം.വി. പീറ്റർ , ഹെഡ് മാസ്റ്റർ കുര്യാക്കോസ് ടി. ഐസക് , പ്രിൻസിപ്പാൾ ഗ്ലെന്നിസ് രാജൻ, പി.ടി.എ. പ്രസിഡന്റ് കെ.എം. രാജു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിശിഷ്ടാതിഥി കേണൽ വീരേന്ദർ ദത് വാലിയ ക്ക് സ്ക്കൂളിന്റെ ഉപഹാരം ഹെഡ് മാസ്റ്റർ കുര്യാക്കോസ് ടി. ഐസക് സമ്മാനിച്ചു. എഎൻഒ ദിനു മാത്യുവിനുള്ള ഉപഹാരം തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ പ്രകാശ് സമ്മാനിച്ചു. എൻസിസി ട്രയിനർ ഐശ്വര്യ എസ്.എസ്. ന് സ്ക്കൂൾ മാനേജർ എം.വി. പീറ്റർ പുരസ്ക്കാരം നൽകി. ബെസ്റ്റ് കേഡറ്റ് സെർജന്റ് ജിഷ്ണു സനീഷിന് വാർഡ് മെമ്പർ സജി പീറ്റർ പുരസ്ക്കാരം നൽകി. ബെസ്റ്റ് കേഡറ്റ് ബ്രൈറ്റി പി. ബെന്നിക്ക് പി.ടി.എ. പ്രസിഡന്റ് കെ. എം. രാജു പുരസ്ക്കാരം നൽകി.
പാസിംഗ് ഔട്ട് പരേഡിന്റെ ചടങ്ങുകൾക്ക് എഎൻഒ ദിനു മാത്യു, അധ്യാപകരായ ബെൻസൺ വർഗീസ്, അനിൽകുമാർ എം.കെ., ബിജു വർഗീസ് എന്നിവർ നേതൃത്വം നൽകി.