

കോലഞ്ചേരി: വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്റർ ഫാമിലി ഹെൽത്ത് സെൻ്ററായി ഉയർത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ആശുപത്രിയിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ബുധനാഴ്ച തുടക്കം കുറിക്കുമെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ.പറഞ്ഞു.സംസ്ഥാന സർക്കാർ ആർദ്രം മിഷനിൽ നിന്ന് 35 ലക്ഷം രൂപ ഇതിനായി അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് ആശുപത്രി രോഗീ സൗഹൃദമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്. കുന്നത്തുനാട് നിയമസഭാ മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളുൾപ്പെടുന്ന വടവുകോട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായാണ് ആസ്പത്രിയെ ഉയർത്തുന്നത്. ഇതിൻ്റെ ഭാഗമായി രജിസ്ട്രേഷൻ നടപടികളടക്കം രോഗീ സൗഹൃദമാക്കുന്ന തരത്തിൽ നൂതന സംവിധാനങ്ങൾ ആരംഭിക്കും. ഒപി.യിലെത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണുന്നതിന് മുൻപായി പ്രീ ചെക്ക് അപ്പ് സൗകര്യം ഏർപ്പെടുത്തും. ആസ്പത്രി പെയിൻ്റിങ്ങ് നടത്തി മനോഹരമാക്കും. ആറ് മാസം കൊണ്ട് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.