

കോലഞ്ചേരി: ‘കോലഞ്ചേരി ടൗണിനെ പ്രകാശപൂരിതമാക്കാൻ പി.വി.ശ്രീനിജിൻ എം.എൽ.എ.യുടെ ‘ദീപപ്രഭാ’ പദ്ധതി ഒരുങ്ങി. ടൗണിലെ മുഴുവൻ തെരുവുവിളക്കുകളും മാറ്റി പുതിയത് സ്ഥാപിക്കാനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ടൗണിലെ വടവുകോട് ബ്ലോക്ക് ഓഫീസ് ജംഗ്ഷൻ മുതൽ കിഴക്കേപമ്പ് ജംഗ്ഷൻ വരെയുള്ള റോഡിലും, മെഡിക്കൽ കോളജ് റോഡിലും, പ്രൈവറ്റ് ബസ് സ്റ്റാൻഡ് റോഡിലും, കോളേജ് ഗ്രൗണ്ട് റോഡിലും ഇരുവശങ്ങളിലുമായാണ് വഴിവിളക്കുകൾ സ്ഥാപിക്കുന്നത്. ഇതിനായി എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 6.98 ലക്ഷം രൂപ ചെലവിട്ട് 40 വാട്സിൻ്റെ 110 എൽ.ഇ.ഡി. ലൈറ്റുകളാണ് സ്ഥാപിക്കുന്നത്. കെല്ലിനാണ് ഇതിൻ്റെ സാങ്കേതിക ചുമതല. നടപടികൾ പൂർത്തിയാക്കി ഉടൻ വഴി വിളക്കുകൾ സ്ഥാപിക്കുമെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. ടൗണിൻ്റെ പല ഭാഗങ്ങളിലും വഴിവിളക്കുകൾ മിഴിയടച്ചിട്ട് നാളുകളേറെയായിരുന്നു.ഇത് മൂലം സാമൂഹ്യ വിരുദ്ധ ശല്യം വ്യാപകമാണെന്ന പരാതികളും ഉയർന്നിരുന്നു. ഇത് മാറ്റി പുതിയത് സ്ഥാപിക്കണമെന്ന് പ്രദേശത്തെ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.ഇതിനെ തുടർന്നാണ് എം.എൽ.എ.യുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കിയത്.