മകളെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പൊലീസിൽ ഏൽപ്പിച്ച അച്ഛനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമമെന്ന് പരാതി


എറണാകുളം കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒക്ടോബർ 25-ന് വൈകീട്ട് നാലരയോടെയാണ് നടുറോഡിൽവെച്ച് ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ഇളയ സഹോദരിയോടൊപ്പം സൈക്കിൾ ചവിട്ടാൻ ഇറങ്ങിയ കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
അക്രമം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കുട്ടിയുടെ പിതാവ് പിൻതുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ, സംഭവം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ചില പ്രാദേശിക സി.പി.എം. നേതാക്കൾ കുട്ടിയുടെ മാതാപിതാക്കളെ സമീപിച്ചെങ്കിലും ഇവർ വഴങ്ങിയില്ല.


പ്രതിയായ 17-കാരനെതിരെ പോക്സോ കേസ് ചുമത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് പറഞ്ഞ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ പ്രതിക്ക് ജാമ്യം ലഭിച്ചു. ജാമ്യം ലഭിച്ചതിന് ശേഷം, പ്രതിയായ 17-കാരനെ പെൺകുട്ടിയുടെ പിതാവ് മർദ്ദിച്ചു എന്ന് കാട്ടി പ്രതി പരാതി നൽകി.
പ്രതിയുടെ പശ്ചാത്തലം വ്യക്തമായി ബോധ്യമുണ്ടായിട്ടും കടവന്ത്ര പോലീസ് ഈ പരാതിയിൽ കേസെടുത്തു. കുട്ടിയുടെ പിതാവിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ കടവന്ത്ര പോലീസിന്റെ നടപടിയിൽ സംശയം പ്രകടിപ്പിച്ച് കുട്ടിയുടെ കുടുംബം സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ചിരിക്കുകയാണ്. എല്ലാ പ്രതിസന്ധികൾക്കിടയിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്.





