പെരുമ്പാവൂരിൽ എട്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ പിടിയിൽ


എട്ട് കിലോ കഞ്ചാവുമായി രണ്ട് പശ്ചിമ ബംഗാൾ സ്വദേശികൾ പെരുമ്പാവൂരിൽ പോലീസിന്റെ പിടിയിലായി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശികളായ സമീൻ ഷെയ്ക്ക് (28), മമൻ ഷെയ്ക്ക് (24) എന്നിവരാണ് അറസ്റ്റിലായത്. പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒക്കൽ നമ്പിള്ളി ജംഗ്ഷനിലുള്ള ഒരു മൂന്നുനില കെട്ടിടത്തിലെ മുറിയിൽ നിന്നാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിലെത്തിയ ശേഷം ഒക്കലിലെ മുറിയിലെത്തി കഞ്ചാവ് കൈമാറാൻ നിൽക്കുന്നതിനിടയിലാണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്.


ഒഡീഷയിൽ നിന്ന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെയെത്തിച്ച് 30,000 രൂപയ്ക്ക് വിൽപ്പന നടത്തി മടങ്ങിപ്പോവുകയായിരുന്നു ഇവരുടെ രീതി.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ ജിൻസൺ ഡൊമിനിക്, എസ്.ഐമാരായ പി.എം റാസിഖ്, ജോസി എം ജോൺസൺ, വിനിൽ ബാബു, വിഷ്ണു, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ അഫ്സൽ, രജിത്ത് രാജൻ, ബെന്നി ഐസക്, എം.കെ നിഷാദ്, സിബിൻ സണ്ണി, കെ.ആർ ധനേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.





