KERALATRAVEL & TOURISM

കടമ്പ്രയാർ ഇനി ടൂറിസം ഡെസ്റ്റിനേഷൻ സെൻ്റർ

കുന്നത്തുനാട്: കുന്നത്തുനാട് മണ്ഡലത്തിലെ കടമ്പ്രയാർ ഇക്കോ ടൂറിസം വില്ലേജിനെ സംസ്ഥാന സർക്കാർ വിനോദസഞ്ചാര വകുപ്പിന്റെ ടൂറിസം ഡെസ്റ്റിനേഷൻ വിജ്ഞാപന പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവായി. GO(Rt) No. 673/2025/TSM ഉത്തരവ് പ്രകാരമാണ് കടമ്പ്രയാറിന് ഈ അംഗീകാരം ലഭിച്ചത്. ഇതോടെ എറണാകുളം ജില്ലയിൽ ഫോർട്ടു കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി എന്നിവയ്ക്ക് പുറമെ സർക്കാർ അംഗീകരിച്ച നാലാമത്തെ ടൂറിസം കേന്ദ്രമായി കടമ്പ്രയാർ മാറി.

കടമ്പ്രയാറിനെ ടൂറിസം ഡെസ്റ്റിനേഷനായി പ്രഖ്യാപിച്ചതോടെ ഇനി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഹോട്ടൽ ക്ലാസിഫിക്കേഷൻ ഉൾപ്പെടെയുള്ള വിവിധ വിനോദസഞ്ചാര മേഖലയിലെ അംഗീകാരങ്ങളിൽ ഈ പ്രദേശവും ഉൾപ്പെടും. അഡ്വ. പി. വി. ശ്രീനിജിൻ എം.എൽ.എ. ചെയർമാനായ ഡി.എം.സി. കടമ്പ്രയാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ നാലര വർഷമായി നടത്തിവരുന്ന ടൂറിസം പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ പ്രഖ്യാപനമെന്ന് എം.എൽ.എ. അറിയിച്ചു.

കടമ്പ്രയാർ ടൂറിസം വികസനം സംബന്ധിച്ച് ടൂറിസം ഡയറക്ടർക്കും മന്ത്രിക്കും വിശദമായ മാസ്റ്റർ പ്ലാൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, കടമ്പ്രയാർ ടൂറിസത്തിന് 3.5 കോടി രൂപയുടെ സമഗ്ര നവീകരണ പദ്ധതിക്ക് നവകേരള സദസ്സിൽ വെച്ച് ഭരണാനുമതി ലഭിച്ചു. ഇതിനുപുറമെ, ടൂറിസം വകുപ്പിന്റെ പദ്ധതിയിലുൾപ്പെടുത്തി ഏകദേശം 1 കോടി രൂപയുടെ മറ്റൊരു പദ്ധതിയും ഇവിടെ അനുവദിച്ചിട്ടുണ്ട്. അപ്രകാരം ഈ സാമ്പത്തിക വർഷം ആകെ 4.5 കോടി രൂപയുടെ ഫണ്ടാണ് കടമ്പ്രയാറിന്റെ നവീകരണത്തിനായി ഭരണാനുമതി ആയിട്ടുള്ളത്. പുതിയ പ്രഖ്യാപനം കടമ്പ്രയാറിനെ സംസ്ഥാനത്തെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button