

പുത്തൻകുരിശ്: ബാങ്കിൽ പണയത്തിലിരിക്കുന്ന സ്വർണം തിരിച്ചെടുത്ത് വിൽക്കുന്നതിന് സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് യുവാവിനെ കബളിപ്പിച്ച് ഒരു ലക്ഷത്തി മുപ്പത്തയ്യായിരം രൂപ തട്ടിയെടുത്ത കേസിൽ യുവതിയെ പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തു. അശമന്നൂർ, നെടുങ്ങപ്ര, കൂടംചിറത്ത് സ്വദേശിനിയായ ലിബില ബേബി (29) ആണ് പിടിയിലായത്.


ബാങ്കിലെ സ്വർണം വിൽക്കാൻ സഹായിക്കാമെന്ന് അറിയിച്ചുകൊണ്ട് അശമന്നൂർ സ്വദേശിയായ യുവാവ് പത്രത്തിൽ പരസ്യം നൽകിയിരുന്നു. ഇത് കണ്ടാണ് യുവതി ഇയാളുമായി ബന്ധപ്പെടുന്നത്. കോലഞ്ചേരിയിലെ ഒരു ബാങ്കിൽ സ്വർണം പണയം വച്ചിട്ടുണ്ടെന്നും ഇത് തിരിച്ചെടുക്കാൻ പണം ആവശ്യമുണ്ടെന്നും യുവതി യുവാവിനെ വിശ്വസിപ്പിച്ചു. ഇതനുസരിച്ച്, യുവാവ് ഒരു ലക്ഷം രൂപ നേരിട്ടും 35,000 രൂപ ഗൂഗിൾ പേ വഴിയും യുവതിക്ക് കൈമാറി. പണം വാങ്ങിയ ശേഷം ലിബില ബേബി സ്വർണം എടുക്കുകയോ തുക തിരികെ നൽകുകയോ ചെയ്യാതെ മുങ്ങുകയായിരുന്നു. യുവാവ് പുത്തൻകുരിശ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് ലിബിലയെ അറസ്റ്റ് ചെയ്തത്.
പുത്തൻകുരിശ് ഇൻസ്പെക്ടർ സി.എൽ. ജയൻ, എസ്.ഐമാരായ കെ.ജി. ബിനോയ്, ജി. ശശിധരൻ, എ.എസ്.ഐമാരായ ബിജു ജോൺ, സുരേഷ് കുമാർ, മഞ്ജു ബിജു, സീനിയർ സി.പി.ഒ.മാരായ റിതേഷ്, ആശ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസ് തെളിയിച്ചത്.





