CRIME

റൂറൽ ജില്ലയിൽ മയക്കുമരുന്ന് സ്പെഷ്യൽ ഡ്രൈവ് : 89 കേസുകൾ

റെയിൽവേ സ്റ്റേഷൻ, ബസ്‌സ്റ്റാൻറ്, ലോഡ്ജുകൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, വാഹനങ്ങൾ, ജില്ലാ അതിർത്തികൾ, പ്രത്യേക നിരീക്ഷണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ റെയ്ഡ് തുടരുകയാണ്

എറണാകുളം റൂറൽ ജില്ലയിൽ നടക്കുന്ന സ്പെഷൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവുമായി ബന്ധപ്പെട്ട് 89 കേസുകൾ രജിസ്റ്റർ ചെയ്തു. കുന്നത്തു നാട് 8, മുളന്തുരുത്തി 7 വീതം കേസുകളെടുത്തു. മദ്യവിൽപ്പനയും പൊതുസ്ഥലത്തുള്ള ഉപയോഗവുമായി ബന്ധപ്പെട്ട് 253 കേസുകൾ രജിസ്റ്റർ ചെയ്തു.

പുത്തൻകുരിശ് പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത്.

18 കേസുകൾ. പറവൂരിൽ 16, നെടുമ്പാശേരിയിൽ 14 എന്നിങ്ങനെ കേസുകൾ എടുത്തിട്ടുണ്ട്. നിരന്തര കുറ്റവാളികളും സാമൂഹ്യ വിരുദ്ധരുമായ 97 പേരെ കണ്ടെത്തി അവർക്ക് നല്ല നടപ്പ് ജാമ്യം നൽകുന്നതിനുള്ള റിപ്പോർട്ട് ബന്ധപ്പെട്ട കോടതിക്ക് നൽകി. ജാമ്യം ലഭിക്കുന്നവർ വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ടാൽ അവർക്കെതിരെ കാപ്പ പോലുള്ള നിയമ നടപടി സ്വീകരിക്കും. മോഷണം പോലുള്ള കേസുകളിൽ പ്രതിയായിട്ടുള്ള 24 പേർക്കെതിരെ കുറ്റകൃത്യങ്ങളിൽ വീണ്ടും ഇടപെടാതിരിക്കാൻ ബോണ്ട് വയ്ക്കുന്നതിന് റിപ്പോർട്ട് നൽകി.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വിചാരണക്കിടയിലോ, കോടതിയിൽ നിന്ന് ജാമ്യമെടുത്ത ശേഷമോ ഒളിവിൽപ്പോയ 425 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. മൂവാറ്റുപുഴ 45 പേരെയും പെരുമ്പാവൂർ 35 പേരെയും ആണ് പിടികൂടിയത്. ദീർഘനാളായി ഒളിവിലായിരുന്ന 10 പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 34 സ്റ്റേഷൻ പരിധികളിലും പരിശോധന നടക്കുകയാണ്.

റെയിൽവേ സ്റ്റേഷൻ, ബസ്‌സ്റ്റാൻറ്, ലോഡ്ജുകൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങൾ, വാഹനങ്ങൾ, ജില്ലാ അതിർത്തികൾ, പ്രത്യേക നിരീക്ഷണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ റെയ്ഡ് തുടരുകയാണ്. മുൻകാല കുറ്റവാളികൾ, ജാമ്യമെടുത്തവർ, മയക്ക് മരുന്ന് കേസിൽ ഉൾപ്പെട്ടവർ, കുറ്റവാളികളെ സഹായിക്കുന്നവർ തുടങ്ങിയവർ നിരീക്ഷണത്തിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button