CRIME

മികച്ച കഞ്ചാവ് കൃഷിയുമായി യുവാവ് : ഇത്രയും വലിയ കഞ്ചാവ് കൃഷി ആദ്യമെന്ന് പോലീസ്

ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി, യുവാവ് പോലീസ് പിടിയിൽ. നോർത്ത് പറവൂർ കെടാമംഗലം ദേവസ്വം പറമ്പ് മഞ്ഞനക്കര വീട്ടിൽ സുധീഷ് (34) നെയാണ് പറവൂർ പോലീസ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിമൂന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

വഴിക്കുളങ്ങരയിൽ ഓട്ടോ വർക്ക്ഷോപ്പ് വാടകയ്ക്കെടുത്ത് നടത്തുകയാണ് ഇയാൾ. വർക്ക് ഷോപ്പിന്‍റെ വളപ്പിൽ ആളൊഴിഞ്ഞ ഭാഗത്താണ് കഞ്ചാവ് നട്ടു വളർത്തിയത്. മൂന്ന് ഗ്രോ ബാഗുകളിലായി പന്ത്രണ്ട് കഞ്ചാവ് ചെടിയും തറയിൽ ഒരെണ്ണവുമായിരുന്നു നട്ടത്. രണ്ട് മാസം മുമ്പാണ് വിത്ത് പാകിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

പതിനെട്ടു സെന്റീമീറ്റർ നീളം വരും തൈകൾക്ക്. ഇത്രയും കഞ്ചാവ് ചെടികൾ പിടികൂടുന്നത് ആദ്യമായാണ്. അഞ്ചുവർഷമായി ഇയാൾ വർക്ക്ഷാപ്പ് നടത്തുന്നുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു.

ഡി വൈ എസ് പി എം.കെ.മുരളി, ഇൻസ്പെക്ടർ ഷോജോ വർഗീസ് സബ് ഇൻസ്പെക്ടർമാരായ സി.ആർ.ബിജു, പ്രശാന്ത്.പി.നായർ, സെൽവരാജ്, എം.എം.മനോജ്, കെ.കെ.അജീഷ്, സീനിയർ സി.പി.ഒ മാരായ ഷെറിൻ ആൻറണി, കെ.എസ്.ജോസഫ് സി.പി.ഒ ടി.ജെ.അനീഷ്, കെ.കെ.കൃഷ്ണ ലാൽ. കെ.ടി.മൃദുൽ, മധു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഓപ്പറേഷൻ ക്ലീനിന്‍റെ ഭാഗമായി കഴിഞ്ഞ മാസം പറവൂരിൽ നിന്നും 1.84 കിലോഗ്രാം എം.ഡി.എം.എ പിടികൂടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button