ഐക്കരനാട് കടയിരുപ്പിലും പരിസരങ്ങളിലും വാനരസംഘം വിലസുന്നു.പട്ടാപ്പകൽ എത്തുന്ന ഇവരെ ജാഗ്രതയോടെ വീക്ഷിയ്ക്കുകയാണ് നാട്ടുകാർ






ഐക്കരനാട് പഞ്ചായത്തിലെ കടയിരുപ്പിലും പരിസരപ്രദേശങ്ങളിലും വാനരസംഘം വിലസുന്നതായി നാട്ടുകാർ.മൂന്നംഗസംഘമാണ് പട്ടാപ്പകൽ വീടുകൾ കേന്ദ്രീകരിച്ച് തമ്പടിക്കുന്നത്.ചെറിയരീതിയിലുള്ള കാർഷിക വിളകളും മറ്റും അകത്താക്കി കറങ്ങിനടക്കുന്ന ഇവരെ വളരെ ജാഗ്രതയോടെയാണ് ജനങ്ങൾ വീക്ഷിയ്ക്കുന്നത്.
കഴിഞ്ഞ ഒരാഴ്ച്ച കാലമായി വിവിധ പ്രദേശങ്ങളിലാണ് ഇവരെ കണ്ടു വരുന്നത്.വലിയ നാശനഷ്ടങ്ങളൊന്നും ഇതുവരെ വരുത്തി വച്ചതായി പരാതികളും ഇല്ല. വാനര സംഘം എങ്ങനെ ജനവാസമേഖലയിൽ എത്തി എന്നത് ഇന്നും അജ്ഞാതമാണ്.
ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്ക് വാഹനങ്ങൾ മുഖേന നാട്ടിൽ എത്തിയതാകാം എന്നാണ് പൊതുവെയുള്ള അഭിപ്രായം.ഏതായാലും നാട്ടിൻപുറത്ത് സ്ഥിരമായി സാന്നിധ്യമുറപ്പിക്കുന്ന വാനരസംഘത്തിനെ എത്രയും വേഗം വനത്തിലേയ്ക്ക് തിരികെ പറഞ്ഞയക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

