അനധികൃത മണ്ണെടുപ്പ് മൂലം ദുരിതത്തിലായി സർക്കാർ വിദ്യാലയം
ഐക്കരനാട് പഞ്ചായത്തിലെ പാങ്കോട് എൽപി സ്കൂളിനോട് ചേർന്ന് സ്വകാര്യവ്യക്തി കഴിഞ്ഞ ദിവസം നടത്തിയ മണ്ണ് ഖനനമാണ് സ്കൂളിന് ഭീഷണിയാകുന്നത്






കുരുന്നുകൾ പഠിക്കുന്ന സർക്കാർ വിദ്യാലയിത്തിനോട് ചേർന്നുള്ള അനധികൃത മണ്ണെടുപ്പ് സ്കൂളിന് ഭീഷണിയാകുന്നു. ഐക്കരനാട് പഞ്ചായത്തിലെ പാങ്കോട് എൽപി സ്കൂളിനോട് ചേർന്ന് സ്വകാര്യവ്യക്തി നടത്തിയ മണ്ണ് ഖനനമാണ് സ്കൂളിന് ഭീഷണിയാകുന്നത്.സ്കൂൾ കെട്ടിടം ചേർന്ന് നിൽക്കുന്ന അതിരുകളിൽ യാതൊരു മാനദണ്ഡവുമില്ലാതെയാണ് മണ്ണെടുത്തിരിക്കുന്നത്.
അവധിദിനം മുതലെടുത്ത് കഴിഞ്ഞ ഞായറാഴ്ച്ചയാണ് സ്ഥലമുടമ ഈ ദുരിതം സ്കൂളിന് സമ്മാനിച്ചത്.




ഉയർന്ന കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇതിന്റെ ചരിവിൽ ഇയാൾ തന്നെ കഴിഞ്ഞ കോവിഡ് കാലഘട്ടത്തിൽ മണ്ണെടുപ്പ് നടത്തിയിരുന്നു.അന്നും നിരവധി പ്രതിഷേധങ്ങൾ ഉണ്ടായതോടെയാണ് സ്കൂൾ അതിര് 2.5 മീറ്റർ വീതിയിൽ മണ്ണെടുപ്പ് നിർത്തിയത്.
എന്നാൽ കഴിഞ്ഞ ഞായറാഴ്ച്ച ജെസിബി ഉപയോഗിച്ച് സ്കൂളിന്റെ മതിൽ ചേർത്ത് മണ്ണെടുത്തു.കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചെറിയ തോതിൽ മണ്ണിടിച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇത് മൂലം 2017 ൽ പണിത സ്കൂളിന്റെ പ്രൈമറി വിഭാഗം പ്രവർത്തിക്കുന്ന പുതിയ കെട്ടിടം അപകടാവസ്ഥയിലാണ്.
സ്കൂൾ പിടിഎയും വികസന സമിതിയും ആർഡിഒ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്.എന്നാൽ കാലവർഷം കനക്കുന്ന സാഹചര്യത്തിൽ 100 ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിന്റെ അവസ്ഥയും ഏറെ ആശങ്ക ഉയർത്തുന്നു.

