ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളം;ഒന്നാം സ്ഥാനത്ത് ദുബായ്
എയര്‍പോര്‍ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ (എ.സി.ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്


ദുബൈ: തുടര്‍ച്ചയായ ഒമ്ബതാം വര്‍ഷവും അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ഏറ്റവും തിരക്കുള്ള വിമാനത്താവളമെന്ന നേട്ടം നിലനിര്‍ത്തി ദുബൈ.
2022ലെ കണക്കുകള്‍ വിലയിരുത്തി എയര്‍പോര്‍ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷനല്‍ (എ.സി.ഐ) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ദുബൈ വിമാനത്താവളത്തിന്റെ യാത്രക്കാരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയായി 6.6 കോടി പിന്നിട്ടു. കോവിഡിന് ശേഷം അന്താരാഷ്ട്ര, പ്രാദേശിക തലങ്ങളില്‍ വമ്ബിച്ച തിരിച്ചുവരവാണ് വിമാനത്താവളം അടയാളപ്പെടുത്തിയത്. മാത്രമല്ല, 2023ല്‍ യാത്രക്കാരുടെ എണ്ണം 7.8 കോടിയിലെത്തുമെന്നും പ്രവചിക്കപ്പെടുന്നുണ്ട്.
2021നെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 127 ശതമാനത്തിന്റെ വര്‍ധനയാണ് ദുബൈ വിമാനത്താവളത്തിലുണ്ടായത്. വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കോവിഡിന് മുമ്ബുണ്ടായിരുന്ന സാഹചര്യത്തിലേക്ക് പൂര്‍ണമായും സേവനങ്ങള്‍ എത്തുകയും ചെയ്തിട്ടുണ്ട്. തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദുബൈയെ ഒന്നാം സ്ഥാനത്ത് നിലനിര്‍ത്തുന്നതില്‍ തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എയര്‍പോര്‍ട്ട് സി.ഇ.ഒ പോള്‍ ഗ്രിഫിത്ത് പറഞ്ഞു. 2022ല്‍ വിമാനയാത്രക്കാരുടെ ആവശ്യം ലോകത്ത് എല്ലായിടത്തും വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, ദുബൈയെ വേറിട്ടു നിര്‍ത്തിയത് ആളുകളുടെ അര്‍പ്പണബോധവും ഓരോ സേവന പങ്കാളിയുടെയും കൃത്യമായ ആസൂത്രണവും തയാറെടുപ്പുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.സി.ഐയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലണ്ടനിലെ ഹീത്രൂ (5.8 കോടി), ആംസ്റ്റര്‍ഡാം (5.2 കോടി), പാരിസ് (5.1 കോടി), ഇസ്തംബുള്‍ (4.8 കോടി) തുടങ്ങിയവയാണ് തിരക്കുള്ള മറ്റ് മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിലുള്ളത്. ഏറ്റവും പുതിയ ഇന്റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്(അയാട്ട) ഡാറ്റ പ്രകാരം കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 2023 ഫെബ്രുവരിയില്‍ 89.7 ശതമാനം വളര്‍ച്ച കാണിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഈ വര്‍ഷം അന്താരാഷ്ട്ര യാത്രക്കാരുടെ തിരക്ക് പ്രവചിക്കപ്പെട്ടതിനേക്കാള്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.