മാധ്യമപ്രർത്തനത്തിന്റെ ഭാഗമായ കാര്യമല്ല വ്യാജ വീഡിയോ നിർമാണം;മുഖ്യമന്ത്രി


തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അതിക്രമവും കോഴിക്കോട് ഓഫീസിൽ പൊലീസ് നടത്തിയ പരിശോധനയുമാണ് അടിയന്തര പ്രമേയമായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ചത്. കൊച്ചി ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവത്തിൽ പിസി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ ഓഫീസ് അതിക്രമത്തിൽ എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു.
മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയമേ ഈ പ്രശ്‌നത്തിൽ ഉൾപ്പെട്ടിട്ടില്ല. ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായി നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴിൽ എന്താണ് എന്നതു നോക്കിയല്ല. അങ്ങനെ ചെയ്യാൻ നിയമം അനുവദിക്കുന്നുമില്ല.
മാധ്യമപ്രർത്തനത്തിന്റെ ഭാഗമായ കാര്യമല്ല വ്യാജ വീഡിയോ നിർമാണവും അതിന്റെ സംപ്രേഷണവും. പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ അവളറിയാതെ അതിൽ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമ പ്രവർത്തനത്തിന്റെ പരിരക്ഷ വേണമെന്നു പറയുന്നത് ധീരമായ പത്രപ്രവർത്തനമല്ല. ഇത്തരം ദുഷിപ്പുകൾ മാധ്യമരംഗത്ത് ഉണ്ടാകരുത് എന്നാഗ്രഹിക്കുന്നവരാണ് മഹാഭൂരിപക്ഷംപേരും.
വ്യാജ വീഡിയോ ഉണ്ടാക്കൽ, പെൺകുട്ടികളുടെ ദുരുപയോഗം എന്നിവ നടത്തിയിട്ട് മാധ്യമപ്രവർത്തനത്തിനുള്ള പരിരക്ഷ ഈ കുറ്റകൃത്യങ്ങൾക്കും വേണം എന്നു വാദിക്കുന്നവർ, നാളെ ഒരാൾ വാർത്താ സംപ്രേഷണ ജോലിക്കിടെ ഒരാളെ കൊലപ്പെടുത്തിയെന്നു വിചാരിക്കുക. കൊലപാതകം കൊലപാതകമല്ലാതാവുമോ? മാധ്യമ പരിരക്ഷയുള്ള സൽകൃത്യമാവുമോ?
മയക്കുമരുന്നിനെതിരെ നാടൊന്നാകെ പോരാട്ടത്തിൽ ഏർപ്പെടുന്ന ഘട്ടമാണിത്. അതിൽ മാധ്യമങ്ങളും ബഹുജന പ്രസ്ഥാനങ്ങളും ജനങ്ങളൊന്നാകെയും പങ്കാളികളാകുന്നു. ആ പോരാട്ടത്തിൽ പങ്കുചേർന്ന് മയക്കുമരുന്ന് വ്യാപനത്തിനെതിരായ വാർത്താ പരമ്പര സംപ്രേഷണം ചെയ്യുന്നതിൽ നമ്മുക്കെല്ലാവർക്കും സന്തോഷമേയുള്ളു. അത്തരമൊരു പരമ്പരയിൽ, വ്യാജ ദൃശ്യങ്ങൾ ഉൾച്ചേർത്തു, പ്രായപൂർത്തിയാകാത്ത കുട്ടിയെ തെറ്റായി ചിത്രീകരിച്ചു, അതിനായി ഗൂഢാലോചന നടത്തി എന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്. സ്വന്തം ഓഫീസിലെ ജീവനക്കാരിയുടെ മകളെ ക്യാമറക്ക് മുന്നിൽ സ്‌കൂൾ യൂണിഫോമിൽ കൊണ്ടിരുത്തി എന്നാണ് പരാതി. അങ്ങനെ ഒന്നു വന്നാൽ പൊലീസ് എന്താണു ചെയ്യേണ്ടത്? അതൊക്കെ മാധ്യമ സ്വാതന്ത്ര്യമാണെന്ന് വിധിച്ച് അനങ്ങാതിരിക്കണോ? മാധ്യമത്തിന്റെ അനിഷ്ടം ഭയന്ന് നിഷ്‌ക്രിയമാകണോ?
അതിനു രണ്ടിനും സാധ്യമല്ല എന്ന് വ്യക്തമാക്കട്ടെ. ലഭിച്ച പരാതിയിൽ ശാസ്ത്രീയമായ അന്വേഷണം നടക്കും. കുറ്റകൃത്യം തെളിയിക്കപ്പെട്ടാൽ നിയമത്തിനുമുന്നിലെത്തിക്കും. കുറ്റം ആരുചെയ്താലും ആ നിലപാടിൽ മാറ്റമില്ല.