

കൊച്ചി: വൈറ്റിലയിലെ ബാറിൽ ഞായറാഴ്ച രാത്രി ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ മൂന്ന് പേരെ മരട് പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ അലീന, കൊല്ലം സ്വദേശികളായ സഹിംഷ, അൽ അമീൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്. ബാറിൽ എത്തിയവർ തമ്മിൽ തുടങ്ങിയ തർക്കം പിന്നീട് ബാർ ജീവനക്കാരെ ആക്രമിക്കുന്നതിലേക്ക് എത്തുകയായിരുന്നു.
സംഘർഷം ആരംഭിച്ചത് അലീനയെ പിന്നിലിരുന്ന ഒരാൾ ശല്യം ചെയ്തതിനെ തുടർന്നായിരുന്നുവെന്ന് പോലീസ് പറയുന്നു. ആദ്യം ബാറിനുള്ളിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. ഇതിനെ തുടർന്ന് ബാറിൽ നിന്ന് പോയ സംഘം മാരകായുധങ്ങളുമായാണ് തിരിച്ചെത്തിയത്. വടിവാൾ ഉപയോഗിച്ചായിരുന്നു പിന്നീട് ആക്രമണം നടത്തിയത്.


തിരിച്ചെത്തിയ സംഘം ബാറിന് പുറത്ത് നിന്നിരുന്നവരെ ആദ്യം ആക്രമിച്ചു. തുടർന്ന്, സംഘർഷം ബാറിനുള്ളിൽ വേണ്ട എന്ന് പറഞ്ഞ് തടയാൻ ശ്രമിച്ച ബാർ ജീവനക്കാരെയും ഇവർ മർദ്ദിച്ചു. ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മരട് പോലീസ് കേസെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.





