

എറണാകുളം തേവരയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ (KSEB) അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. തേവര സെക്ഷൻ ഓഫീസിലെ എൻജിനീയറായ പ്രദീപനാണ് താൽക്കാലിക വൈദ്യുതി കണക്ഷൻ സ്ഥിരപ്പെടുത്തി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായത്.


സ്ഥിരം കണക്ഷൻ അനുവദിക്കുന്നതിന് വേണ്ടിയാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. പണമ്പില്ലി നഗറിൽ സ്ഥിതി ചെയ്യുന്ന, 15 മറികളോടുകൂടിയ നാല് നില അപ്പാർട്ട്‌മെന്റ് സമുച്ചയത്തിന്റെ ഉടമയാണ് കണക്ഷനായി അപേക്ഷ നൽകിയിരുന്നത്. ഇദ്ദേഹത്തിൽ നിന്നാണ് ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടത്.
കണക്ഷൻ സ്ഥിരപ്പെടുത്തി നൽകുന്നതിനായി ആകെ ഒന്നര ലക്ഷം രൂപയാണ് അസിസ്റ്റന്റ് എൻജിനീയർ കോഴയായി ആവശ്യപ്പെട്ടത്. എന്നാൽ, ആദ്യ ഗഡുവായി 90,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ കയ്യോടെ പിടികൂടിയത്. വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.





