ട്രെയിനുകളിലെ അതിക്രമം തടയാൻ പരിശോദന കർശനമാക്കി പോലീസ്


തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി റെയിൽവേ പോലീസ് ആരംഭിച്ച ‘ഓപ്പറേഷൻ രക്ഷിത’ പരിശോധനയുടെ ആദ്യ ദിനം തിരുവനന്തപുരത്ത് 72 പേർ പിടിയിലായി. ഇവർക്കെതിരെ കേസെടുക്കുകയും യാത്ര വിലക്കിയ ശേഷം വിട്ടയക്കുകയും ചെയ്തു.
യാത്രക്കാർക്ക് നേരെ ട്രെയിനിൽ വച്ചുണ്ടായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കാൻ റെയിൽവേ തീരുമാനിച്ചത്. മദ്യപിച്ച് ട്രെയിനിൽ പ്രവേശിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും, അത്തരക്കാരെ യാത്ര തുടരാൻ അനുവദിക്കില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.


പരിശോധന കർശനമാക്കാൻ കാരണമായ ട്രെയിൻ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്റർ സഹായത്തോടെ തുടരുകയാണ്. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിൽ ഉണ്ടായിട്ടുള്ള ചതവുകൾ സുഖപ്പെടാൻ കൂടുതൽ സമയം എടുക്കുമെന്നാണ് നിലവിലെ വിലയിരുത്തൽ. ഈ സംഭവത്തെ മുൻനിർത്തിയാണ് റെയിൽവേ പോലീസിന്റെ ‘ഓപ്പറേഷൻ രക്ഷിത’ പരിശോധന ആരംഭിച്ചത്.
ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് റെയിൽവേ പോലീസ് വ്യക്തമാക്കി.





