

ആലുവ: റെയിൽവേ സ്റ്റേഷനിൽ കൂട്ടുകാരനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മോതിരവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്നുപേരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വടക്കഞ്ചേരി സ്വദേശികളായ അനുരാഗ് (25), കൊല്ലം കാരിക്കോട് സ്വദേശി മുഹമ്മദ് സാജുദീൻ (33), ഗുരുവായൂർ സ്വദേശി പ്രവീൺ (34) എന്നിവരാണ് പിടിയിലായത്.


കഴിഞ്ഞ മാസം 2-ന് സന്ധ്യക്കാണ് സംഭവം. പാലക്കാട് നിന്ന് ട്രെയിനിൽ വരുന്ന സുഹൃത്തിനെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്റ്റേഷനിലെത്തിയ പള്ളിപ്പുറം സ്വദേശി അഖിലിനെയാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തി ഇദ്ദേഹത്തിൻ്റെ മോതിരവും മൊബൈൽ ഫോണും കവരുകയായിരുന്നു.
പ്രതികളിലൊരാളായ അനുരാഗ് സ്റ്റേഷനിലെത്തിയപ്പോൾ അക്രമാസക്തനാകുകയും സ്റ്റേഷൻ അലമാരയുടെ ഗ്ലാസ് ഇടിച്ചുപൊട്ടിക്കുകയും ചെയ്തിരുന്നു.


ആലുവ ഇൻസ്പെക്ടർ ജി.പി. മനു രാജ്, എസ്.ഐമാരായ നന്ദകുമാർ, ചിത്തു ജി, എൽദോ പോൾ, ബിൻസി, എ.എസ്.ഐ നൗഷാദ്, സി.പി.ഒ മാരായ മാഹിൻ ഷ, മുഹമ്മദ് അമീർ, പ്രജീഷ്, ഷിഹാബ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.



