

ആനക്കൊമ്പ് കൈവശം വക്കാനുള്ള മോഹൻലാലിൻ്റെ ഉടമസ്ഥാവകാശം റദ്ദാക്കി ഹൈക്കോടതി. സംസ്ഥാന സർക്കാരാണ് ഉടമസ്ഥാവകാശം നൽകിയിരുന്നത്. 2011 ലാണ് മോഹൻലാലിൻ്റെ തേവരയിലെ വീട്ടിൽ നിന്നും നാല് ആനക്കൊമ്പുകൾ പിടികൂടുന്നത്. പിന്നീട് ഇത് തൻ്റേതാണെന്ന് ചൂണ്ടിക്കാട്ടി മോഹൻലാൽ സംസ്ഥാന സർക്കാരിനെ സമീപിച്ചിരുന്നു.


2015 ൽ ഇതിൻ്റെ ഡിക്ലറേഷൻ നൽകാൻ സർക്കാർ വനം വകുപ്പിന് അനുമതി നൽകി. പിന്നീട് 2016 ൽ മോഹൻലാലിന് ഉടമസ്ഥാവകാശം നൽകിക്കൊണ്ട് ഉത്തരവ് പുറത്തിറക്കി. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് എറണാകുളം സ്വദേശി ഹൈക്കോടതിയെ സമീപിച്ചത്.


നടപടി ക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിന് വേണമെങ്കിൽ നടപടി ക്രമങ്ങൾ പാലിച്ചുകൊണ്ട് ഒരു ഉത്തരവ് പുറത്തിറക്കാം എന്ന് കൂടി കൂട്ടിച്ചേർത്തു. കേസ് റദ്ദ് ചെയ്യണം എന്ന് ആവിശ്യപ്പെട്ട് മോഹൻലാൽ നൽകിയ ഹർജി പരിഗണനയിൽ ഉണ്ട്. അതുകൊണ്ട് പുതിയ ഉത്തരവ് ഒരിക്കലും ആ ഹർജിയെ ബാധിക്കുന്നതാകരുത് എന്നും ഹൈക്കോടതിയുടെ ഭാഗത്തുനിന്നും പറഞ്ഞു.


പരാതിക്കാരൻ ഉന്നയിച്ച പ്രധാന വാധങ്ങളിൽ ഒന്ന്, ഇത് വനം വന്യജീവി നിയമത്തിന് എതിരാണ് എന്നായിരുന്നു. ഒപ്പം തൊണ്ടിമുതൽ പ്രതിക്ക് തന്നെ കൈമാറിയത് വിചിത്രമായ ഒരു രീതിയാണെന്നും പറഞ്ഞു.ഇതെല്ലാം പരിഗണനയിൽ വച്ചുക്കൊണ്ടാണ് ഹൈക്കോടതി ഈ വിഷയത്തിൽ നിർണായക ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.





