



കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കടമറ്റത്തുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ആളെ തിരിച്ചറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം. കോഴിക്കോട് വളയനാട് സ്വദേശി 27 വയസ്സുള്ള വിഷ്ണു പ്രസാദാണ് മരിച്ചത്.
ശനിയാഴ്ച്ച രാവിലെ 6 മണിയ്ക്ക് നടന്ന അപകടത്തിന് ശേഷം ആശുപത്രിയിലെത്തിച്ച ആളെ തിരിച്ചറിയാൻ പോലീസും ആശുപത്രി അധികൃതരും ഏറെ ബുദ്ധിമുട്ടി.
വാഹനത്തിന്റെ രജിസ്ട്രേഷൻ അഡ്രസ്സ് വച്ച് ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.അപകടസ്ഥലത്തെ ആളുകൾ ചേർന്നാണ് വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ചത്.
കാക്കനാട് ഇൻഫോപാർക്കിൽ ജോലി ചെയ്യുകയായിരുന്ന വിഷ്ണു, തൊടുപുഴ വണ്ണപ്പുറത്തുള്ള തന്റെ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. വിഷ്ണുവിനെ ഫോണിൽ ബന്ധപ്പെടുവാൻ സാധിക്കാതെ വന്നപ്പോൾ സുഹൃത്തുക്കൾ എത്തിയാണ് വിഷ്ണുവിനെ തിരിച്ചറിഞ്ഞത്.
തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

