



പുത്തൻകുരിശിൽ കടയുടമയായ സ്ത്രീയുടെ മാലപൊട്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ.പട്ടിമറ്റം ചേലക്കുളം വട്ടപ്പറമ്പിൽ സമദ് (30) ആണ് പോലീസ് പടിയിലായത്. വെങ്കിടയിൽ പലചരക്ക് കടനടത്തുന്ന കണിച്ചാത്ത് സുധയുടെ മാലയാണ് പൊട്ടിച്ചത്.തിങ്കളാഴ്ച്ച വൈകീട്ട് അഞ്ച് മണിയൊടെയാണ് സംഭവം.
കടയിൽ നിന്നും സാധനങ്ങൾ വാങ്ങാനെന്ന രീതിയിൽ കയറുകയും പൈസ കൊടുക്കുവാനായി കൈനീട്ടിയപ്പോൾ ഇയാൾ സുധയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കുകയായിരുന്നു.ഉടനെ ഇയാളുടെ കൈയ്യിൽ പിടിച്ചെങ്കിലും മാലയുടെ മുക്കാൽ ഭാഗത്തോളം സമദിന്റെ കൈയ്യിലായിരുന്നു.സുധയുടെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേയ്ക്കും ബൈക്കിലെത്തിയ പ്രതി കടന്നു കളഞ്ഞിരുന്നു.
ഉടൻ പുത്തൻകുരിശ് പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിക്കുകയും സമീപത്തെ സിസി ടിവിയിൽ നിന്നും പുത്തൻകുരിശ് ഭാഗത്തേയ്ക്കാണ് ഇയാൾ പോയതെന്നും പോലീസ് സ്ഥരിരീകരിച്ചു. ഉടനെ തന്നെ സ്വർണ്ണം വിൽക്കുവാനോ പണയം വയ്ക്കുവാനോ സാധ്യതയുള്ള പണമിടപാട് സ്ഥാപനങ്ങളിലേയ്ക്ക് പോലീസ് സന്ദേശം നൽകിയിരുന്നു.
ഇതേസമയമാണ് പുത്തൻകുരിശിലെ തന്നെ സ്വർണ്ണമിടപാട് സ്ഥാപനത്തിൽ സമദ് ഉരുപ്പടിയുമായെത്തുന്നത്.ഉടനെ തന്നെ കടയുടമ വാതിൽ ലോക്ക് ചെയ്ത് പോലീസിനെ വിവരമറിയിച്ചു.ഇവിടെ നിന്നാണ് മണിക്കൂറുകൾക്കകം തന്നെ പോലീസ് സമദിനെ കസ്റ്റഡിയിലെടുക്കുന്നത്.
ഒന്നരപവനോളം തൂക്കം വരുന്ന മാലയാണ്. മാലമോഷണക്കേസിൽ സ്ഥിരം പ്രതിയാണ് സമദെന്ന് പോലീസ് പറഞ്ഞു.മറ്റൊരുമോഷണക്കേസിൽ ശിക്ഷകഴിഞ്ഞിറങ്ങിയ ഉടനെയാണ് ഈ സംഭവമെന്നും പുത്തൻകുരിശ് പോലീസ് പറഞ്ഞു