



മുനമ്പത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകലും, ആക്രമിക്കലും, ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തലും അന്വേഷിച്ച പോലീസിന് മുമ്പിൽ ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന ക്ലൈമാക്സ് . നാലംഗ സംഘം പതിനേഴ് കാരിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ചെന്നാണ് പോലീസിന് ലഭിച്ച പരാതി.ഇൻസ്റ്റാ ഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്താണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. അയാളുടെ നേതൃത്വത്തിൽ നാലംഗ സംഘം തന്നെ വായ് മൂടി കെട്ടി പണി നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് തട്ടിക്കൊണ്ട് പോയെന്നും അവിടെ വച്ച് കരണത്തടിച്ചെന്നും പോലീസിനോട് പറഞ്ഞു. ഇൻസ്റ്റയിലെ സുഹൃത്ത് ബലമായി തന്നെകൊണ്ട് ഇഷ്ടമാണെന്ന് പറയിപ്പിച്ച് അത് മൊബൈലിൽ ഷൂട്ട് ചെയ്ത് പെൺകുട്ടിയുടെ കാമുകന് അയപ്പിച്ചുവെന്നും പരാതിപ്പെട്ടു. പിന്നീട് ഇൻസ്റ്റാ സുഹൃത്ത് മുഖം മൂടി ധരിച്ച് വീട്ടിൽ വന്ന് പെൺകുട്ടിയെ കത്തികൊണ്ട് ആക്രമിച്ചതായും പെൺകുട്ടി ഒച്ചയെടുത്തതിനെ തുടർന്ന് പട്ടിയോടിച്ചപ്പോൾ അയാൾ മതിൽ ചാടി രക്ഷപ്പെട്ടുവെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. തുടർന്ന് പെൺകുട്ടി ആശുപത്രിയിലുമായി.
പിന്നീട് നടന്നപോലീസ് അന്വേഷണം ഇങ്ങനെ…
ഉന്നത പോലീസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വീട്ടിലും പരിസരത്തും അന്വേഷണം നടത്തി. ഒരാൾക്ക് അത്രയെളുപ്പത്തിൽ ചാടിക്കടക്കാൻ കഴിയുന്ന മതിലായിരുന്നില്ല അതെന്ന് പ്രാഥമികമായി തന്നെ പോലീസ് വിലയിരുത്തി. പ്രതികളെ പിടികൂടുന്നില്ലെന്നാരോപിച്ച് പോലീസിനെതിരെ പ്രാദേശികമായി പ്രക്ഷോഭവുമുണ്ടായി. പരാതിയിൽ പറഞ്ഞതനുസരിച്ച് പോലീസ് ചോദ്യം ചെയ്യുകയും, ശാസ്ത്രീയ അന്വേഷണം നടത്തുകയും ചെയ്തു. ഇൻസ്റ്റയിലൂടെ പരിജയപ്പെടുകയും ആക്രമിക്കുകയും ചെയ്ത അജ്ഞാത സുഹൃത്തിനെ തേടിയ പോലീസ് ഒടുവിലെത്തിയത് ഈ പെൺകുട്ടിയിലേക്ക് തന്നെയായിരുന്നു. അവർ സ്വയം സൃഷ്ടിച്ച അക്കൗണ്ടായിരുന്നു ഇത്. തട്ടിക്കൊണ്ടുപോകലും , ഭീഷണിപ്പെടുത്തലും ആക്രമണവും സ്വയമുണ്ടാക്കിയ കഥ….. കത്തികൊണ്ട് മുറിവേൽപ്പിച്ചതും സ്വന്തമായി തന്നെ….. പിണങ്ങിപ്പോയ കാമുകനെ തിരിച്ചു കൊണ്ടുവരാനുള്ള പെൺകുട്ടിയുടെ ശ്രമമായിരുന്നു ഇതൊക്കെയെന്ന് പോലീസ് കണ്ടെത്തി. ആശങ്കകൾക്ക് വിരാമമിട്ട് യഥാർത്ഥ്യം പുറത്ത് വന്നതിൽ വീട്ടുകാർ മാത്രമല്ല നാട്ടുകാരും ആശ്വാസം കൊള്ളുകയാണ്.



