KERALA

സംസ്ഥാനത്തെ പശ്ചാത്തല മേഖലയിൽ നിരവധി വികസന പ്രവർത്തങ്ങൾ നടപ്പാക്കി : മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കോരന്‍ കടവ് പാലം ഗതാഗതത്തിനായ് തുറന്നു നൽകി

കോലഞ്ചേരി:പശ്ചാത്തല മേഖലയിൽ ജനങ്ങൾക്ക് പ്രയോജനകരമാകുംവിധം ഒട്ടനവധി വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാരിനു സാധിച്ചെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോരന്‍കടവ് പാലം ഗതാഗതത്തിനു തുറന്നു നൽകികൊണ്ട്
സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഓൺലൈനായാണ് മന്ത്രി പങ്കെടുത്തത്.അഞ്ച് വർഷത്തിനകം സംസ്ഥാനത്ത് 100 പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

തുടർന്ന് എം.എൽ.എ.മാരായ പി.വി.ശ്രീനിജിൻ, അനൂപ് ജേക്കബ് എന്നിവർ ചേർന്ന് പാലം ഗതാഗതത്തിനായി തുറന്ന് നൽകി.ചടങ്ങിൽ പി വി ശ്രീനിജിൻ എം. എൽ. എ. അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. തോമസ് ചാഴിക്കാടൻ എം. പി. വിശിഷ്ടാതിഥിയായി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (പാലങ്ങൾ വിഭാഗം) നീന സൂസൻ പുന്നൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഉല്ലാസ് തോമസ്, മുൻ എം.പി. പി.സി. തോമസ്, മുൻ എം. എൽ. എ. മാരായ എം. ജെ. ജേക്കബ്, എം. എം. മോനായി,പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു, പൂത്തൃക്ക പഞ്ചായത്ത്‌ പ്രസിഡന്റ് ടി. പി. വർഗീസ്, രാമമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ് ഇ. പി. ജോർജ്, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനിയർ പി. കെ. മിനി, വിവിധ ജനപ്രതിനിധികൾ, സാമൂഹ്യ – രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

മൂവാ​റ്റുപുഴയാറിന് കുറുകെ 134 മീറ്റർ നീളത്തിൽ ഇരുവശത്തും ഒന്നര മീ​റ്റർ നടപ്പാതയടക്കം 11 മീറ്റർ വീതിയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്. രണ്ടു വരി ഗതാഗതം സാധ്യമാക്കുന്നതിനായി ഏഴര മീറ്റർ വീതിയിൽ കാരിയേജ് വേയും ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും വരുന്ന രീതിയിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.

2010 ലാണ് ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന കോരൻ കടവ് പാലത്തിന് ഫണ്ട് അനുവദിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഉൾപ്പെടുത്തി 9.15 കോടി രൂപ അനുവദിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ അപ്രോച്ച് റോഡിനെ ചൊല്ലി ഉയർന്ന സാങ്കേതിക പ്രശ്‌നങ്ങൾ മൂലം നിർമ്മാണം പാതിവഴിയിൽ നിലച്ചു. 2020 ൽ സർക്കാർ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു. |

അപ്രോച്ച് റോഡിന്റെ നിർമ്മാണത്തിനുൾപ്പെടെ അധികതുക കൂടി അനുവദിച്ചതോടെയാണ് ഒരു പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ പാലം യാഥാർത്ഥ്യമായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button