KERALA

അപ്രോച്ച് റോഡ് പൂർത്തിയാകാതെയുള്ള കോരൻകടവ് പാലത്തിന്റെ ഉദ്ഘാടനം വിവാദമാകുന്നു

പന്ത്രണ്ട് വർഷക്കാലമായി നിർമ്മാണ പൂർത്തീകരണം കാത്തിരുന്ന കോരൻകടവ് പാലം വിണ്ടും വിവാദത്തിൽ നിറയുകയാണ്.കറുകപ്പിള്ളി നിവാസികളുടെ ചിരകാല സ്വപ്നമായ കോരൻകടവ് പാലം നിർമ്മാണം പൂർത്തികരിച്ചെങ്കിലും പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിർമ്മാണം പൂർത്തിയാകാതെ ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നതിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രം​ഗത്ത് വരുന്നത്.പാലത്തെ കറുകപ്പിള്ളി റോഡുമായി കൂട്ടിയോജിപ്പിക്കുന്ന അപ്രോച്ച് റോഡ് നിർമ്മിക്കാതെ സമീപത്തുകൂടി കടന്നുപോകുന്ന പഞ്ചായത്ത് റോഡിലേയ്ക്ക് അശാസ്ത്രീയമായി കൂട്ടിയോജിപ്പിച്ച് ധൃതിയിൽ ഉദ്ഘാടനമാമാങ്കം നടത്താനാണ് സ്ഥലം എംഎൽഎ അടക്കമുള്ളവർ തയ്യാറെടുക്കുന്നതെന്നാണ് നാട്ടുകാർ ആക്ഷേപിക്കുന്നത്. ഈ വരുന്ന മെയ്മാസം 20-ന് പാലം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുമെന്നാണ് പ്രഖ്യാപനം.

എസ്റ്റിമേറ്റ് പ്ലാനിൽ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ നീളം180 മീറ്ററാണ് .എന്നാൽ 80 മീറ്ററിൽ നിർമ്മാണം മതിയാക്കി തൊട്ട്ചേർന്ന് പോകുന്ന പഞ്ചായത്ത് റോഡുമായി കൂട്ടിമുട്ടിച്ചാണ് ജനങ്ങളെ വിഡ്ഢികളാക്കുന്നതെന്നാണ് പ്രധാന ആക്ഷേപം.മാത്രമല്ല അപ്രോച്ച് റോ‍ഡ് തറനിരപ്പിൽ നിന്നും പതിനെട്ടുമീറ്റർ വീതിയിൽ പൊക്കി 12 മീറ്ററായി പരിമതപ്പെടുത്തി തുല്യതയോടെ നേരെ നിർമ്മാണം പൂർത്തികരിക്കേണ്ടതുമാണ്.


എന്നാൽ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തി അപകടകരമായ രീതിയിൽ, അപ്രോച്ച് റോഡിന്റെ വീതി തുടക്കത്തിൽ 12 മീറ്ററായും പന്നീട് ഇത് വലിയ വളവോടുകൂടി 8 മീറ്ററായി ചുരുങ്ങി തുല്യത പാലിക്കാതെ നിർമ്മാണം അവസാനിപ്പിച്ചതിലാണ് പ്രതിഷേധം ഉയരുന്നത്. അപ്രോച്ച് റോഡിന്റെ സ്ഥലമേറ്റെടുപ്പ് കഴിഞ്ഞെങ്കിലും സ്ഥലമുടമകൾ പണം കൈപ്പറ്റിയതാണെന്നും, ഇവരുടെ സ്വാധീനത്താൽ സർവ്വേ നടത്തിയ റവന്യൂ പൊതുമരാമത്ത് വകുപ്പ് ഉദ്യോ​ഗസ്ഥരും ഒത്തുകളിച്ചതാണ് ഇത്തരമൊരു ദുരവസ്ഥയ്ക്ക് കാരണമെന്നും നാട്ടുകാർ പറയുന്നു.

പൂത്തൃക്കപഞ്ചായത്തിലെ ഏഴാം വാർഡിലൂടെ കടന്നുപോകുന്ന 5.30 മീറ്റർ വീതിയുള്ള പ‍ഞ്ചായത്ത് റോഡുമായി ബന്ധപ്പെടുത്തി അപകടകരമായ രീതിയിലാണ് ഇപ്പോൾ നിർമ്മിച്ചിരിക്കുന്നത്.കൂടാതെ പുഴയിലേയ്ക്ക് ഒഴുകിയിരുന്ന പെരുംതോടും ചേർത്ത് അളന്നാണ് ഇപ്പോഴത്തെ നിർമ്മാണം . ഇത് ഗൗരവമുള്ള വിഷയമായി കണ്ട് സംഭവത്തിൽ വിജിലൻസ് അന്വേഷണവും നാട്ടുകാർ ആവശ്യപ്പെടുന്നു.നിലവിൽ കർമ്മസമിതിയുടെ നേതൃത്വത്തിൽ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും കോടതി അവധിയായതിനാൽ മെയ് 24 ന് ശേഷമേ ഹർജികൾ പരി​ഗണിക്കൂ. ഈ അവസരം മുതലാക്കിയാണ് മന്ത്രിയെ വരുത്തി ഉ്ദഘാടനപരിപാടി തകൃതിയാക്കുന്നതെന്നും നാട്ടുകാർ പറയുന്നു.പ‍ഞ്ചായത്ത് റോഡ് കൈയ്യേറി നടത്തുന്ന ഇത്തരം നടപടികളിൽ നിന്നും എംഎൽഎ പിൻമാറി യഥാർത്ഥ വിഷയം പരിഹരിക്കാൻ തയ്യാറാകണമെന്നും നാട്ടുകാർ അവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button