അങ്കണവാടി ജീവനക്കാരുടെ നിയമന നടപടികൾ സർക്കാർ തടഞ്ഞത് പൊതുജനങ്ങളിൽ നിന്ന് പരാതിയുയർന്നതിനാൽ: പി.വി.ശ്രീനിജിൻ. എം. എൽ.എ.
കൈയ്യോടെ പിടിക്കപ്പെട്ടതിലുള്ള ജാള്യത മറക്കാനാണ് സോഷ്യൽ മീഡിയയിലുടെ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്നും പി.വി.ശ്രീനിജിൻ എം.എൽ.എ.




കോലഞ്ചേരി: നിയമന നടപടികൾ സുതാര്യമല്ലെന്ന പരാതി പൊതുജനങ്ങളിൽ നിന്നുയർന്നതാണ് കുന്നത്തുനാട്ടിലെ 4 പഞ്ചായത്തുകളിലെ അങ്കണവാടി ജീവനക്കാരുടെ നിയമന നടപടികൾ നിർത്തി വക്കാൻ കാരണമെന്ന് പി.വി.ശ്രീനിജിൻ എം.എൽ.എ. ഈ 4 പഞ്ചായത്തുകളിലും സർക്കാർ മാനദണ്ഡങ്ങൾ അട്ടിമറിച്ച് പഞ്ചായത്ത് ഭരിക്കുന്ന പാർട്ടിയുടെ നോമിനികളെ മാത്രം ഉൾപ്പെടുത്തി സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ഇത് തങ്ങൾക്കിഷ്ടപ്പെട്ടവരെ മാത്രം നിയമനം നടത്താനാണെന്ന പരാതി വ്യാപകമായി പരാതി ഉയർന്നു. ഇത് സംബന്ധിച്ച് വിവിധ തലങ്ങളിൽ നിന്നു തനിക്ക് ലഭിച്ച പരാതി വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രി വീണാ ജോർജിന് കൈമാറി.
മന്ത്രിയുടെ നിർദ്ദേശപ്രകാരം വകുപ്പ് ഡയറക്ടർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് നിയമന നടപടികൾ നിർത്തി വച്ചത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ വീര വാദം മുഴക്കുന്ന സംഘടനയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതികൾ നടത്തിയ നഗ്നമായ നിയമവിരുദ്ധതയാണ് ഇവിടെ വെളിച്ചത്ത് വന്നത്. ഇത് കൈയ്യോടെ പിടിക്കപ്പെട്ടതിലുള്ള ജാള്യത മറക്കാനാണ് സോഷ്യൽ മീഡിയയിലുടെ തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നതെന്നും പി.വി.ശ്രീനിജിൻ എം.എൽ.എ. കൂട്ടിച്ചേർത്തു.

