എംഎൽഎ രാഷ്ട്രീയം കലർത്തുന്നു ; അങ്കണവാടി വർക്കർ / ഹെൽപർ തസ്തിക നിയമന നടപടി മാനദണ്ഡ പ്രകാരം- ട്വന്റി-ട്വന്റി പഞ്ചായത്ത് ഭരണ സമിതി നേതൃത്വം
ട്വന്റി-ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളെ മാത്രം കടന്നാക്രമിക്കുന്നത് ജനവിരുദ്ധമാണെന്നും ഭരണനേതൃത്വം ആരോപിക്കുന്നു




കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, കിഴക്കമ്പലം പഞ്ചായത്തുകളിലെ അങ്കണവാടി വർക്കർ / ഹെൽപർ തസ്തികകളിലേക്കുള്ള നിയമന നടപടികൾ നിർത്തി വയ്ക്കുവാൻ സംസ്ഥാന വനിത ശിശുവികസന ഡയറക്ടർ ഉത്തരവിട്ടത് എംഎൽഎ യുടെ രാഷ്ട്രീയ പിടിവാശിയുടെ പശ്ചാത്തലത്തിലെന്ന് ട്വന്റി-ട്വന്റി പഞ്ചായത്ത് ഭരണസമിതി.ജീവനക്കാരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ഈ പഞ്ചായത്തുകളിൽ മാനദണ്ഡപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി പി.വി.ശ്രീനിജിൻ എം.എൽ.എ. വകുപ്പ് മന്ത്രി വീണ ജോർജിന് കത്ത് നൽകിയിരുന്നു.
ഐസിഡിഎസ് നിർദ്ദേശിക്കുന്ന മാനദണ്ഡപ്രകാരമുള്ള പഞ്ചായത്തിന്റെ നടപടിക്രമങ്ങളെ ചോദ്യം ചെയ്യുന്നതിനെ പ്രതിരോധിക്കനൊരുങ്ങുകയാണ് പഞ്ചായത്ത് ഭരണ സമിതി.പഞ്ചായത്തടിസ്ഥാനത്തിൽ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചപ്പോൾ ചോദ്യം ചെയ്യേണ്ടതിന് പകരം നടപടി ക്രമങ്ങൾ പൂർത്തിയായതിന് ശേഷമാണ് എംഎൽഎ യുടെ ഭാഗത്ത് നിന്നും ഇത്തരം നീക്കങ്ങൾ ഉണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നാല് പഞ്ചായത്തുകളിലെയും പ്രസിഡന്റുമാർ രംഗത്ത് വന്നിരിക്കുന്നത്.
നിലവിൽ മഴുവന്നൂർ പഞ്ചായത്തിൽ നിയമന ഇൻർവ്യൂ പൂർത്തിയായതാണ്
കുന്നത്തുനാടും,കിഴക്കമ്പലവും,ഐക്കരനാടും ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് പൂർത്തിയാക്കി. നിരവധി ജീവനക്കാരുടെ ഒഴിവുകൾ നിലവിലുള്ളപ്പോൾ ഇത്തരം നീക്കങ്ങൾ പഞ്ചായത്തിന്റെ പരിധിയിലുള്ള അങ്കണവാടികളുടെ പ്രവർത്തനം താളം തെറ്റിക്കുമെന്നും ഇത് സാമൂഹ്യശിശുക്ഷേമ പ്രവർത്തനങ്ങൾ അവതാളത്തിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നു.
കുന്നത്തുനാട്ടിലെ മറ്റ് പഞ്ചായത്തുകളുടെ കാര്യത്തിൽ ശ്രദ്ധചെലുത്താത്ത എംഎൽഎ, ട്വന്റി-ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളെ മാത്രം കടന്നാക്രമിക്കുന്നത് ജനവിരുദ്ധമാണെന്നും ഭരണനേതൃത്വം ആരോപിക്കുന്നു. ശിശുവികസന ഡയറക്ടറുടെ ഉത്തരവിനെ കൃത്യമായി പരിശോധിച്ച് നടപടികൾ എത്രയും വേഗം പൂർത്തീകരിക്കുമെന്നും ഭരണസമിതി നേതൃത്വം അറിയിച്ചു.

