മൂക്കുപൊത്തണം; ധൈര്യം വേണം- ബ്രഹ്മപുരം ഇൻഫോപാർക്ക് റോഡിലൂടെ യാത്രചെയ്യാൻ അല്പം മനക്കട്ടിയും വേണം


കരിമുകളിൽ നിന്നും ബ്രഹ്മപുരം ഇൻഫോപാർക്ക് റോഡിലേയ്ക്ക് കയറിയാൽ മൂക്കുപൊത്താതെ യാത്രചെയ്യുവാൻ സാധിക്കാത്ത അവസ്ഥയാണ്.റോഡിനിരുവശവും ചീഞ്ഞുനാറുന്ന മാലിന്യങ്ങൾ.അവ തിരയാൻ വരുന്ന നായക്കൂട്ടങ്ങൾ ഇവയെല്ലാം ഈ റോഡിലൂടെ യാത്രചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികളാണ്.ഒറ്റപ്പെട്ട ഭാഗങ്ങളിൽ പ്ലാസ്റ്റിക് കവറുകളിൽ നിക്ഷേപിക്കുന്ന മാലിന്യങ്ങളാണ് പൊതുശല്യമായി നിരന്നു കിടക്കുന്നത്.നായക്കൂട്ടങ്ങളുടെ ശല്യം കൂടുതലും രാത്രിയിലാണ്. റോഡിലൂടെ നിരന്നുകിടക്കുന്ന മാലിന്യങ്ങൾക്കു ചുറ്റും ഒരുകൂട്ടം നായ്ക്കൾ വട്ടം ചുറ്റുന്നതും ഇരുചക്രവാഹനങ്ങൾക്ക് പുറകേ ഇവ ഓടുന്നതും പതിവാണ്.അതിനാൽ ഇതുവഴിയുള്ള രാത്രികാല യാത്രകൾ അതീവ അപകടം നിറഞ്ഞതാണെന്നും നാട്ടുകാർ പറയുന്നു.


സമീപത്തെ ഫ്ലാറ്റുകളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഇത്തരത്തിൽ പൊതുവഴികളിൽ വലിച്ചെറിയുന്നതെന്നും ഇതാണ് നായ്ശല്യം വളരെ കൂടുതലാവാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.
മാലിന്യസംസ്ക്കരണത്തിന് കൃത്യമായ മാനദണ്ഡം നൽകി വഴിയരികിൽ മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.വടവുകോട് പുത്തൻകുരിശ് പഞ്ചായത്തിന്റെ തദ്ദേശഭരണപ്രദേശമാണിത്.

