

ന്യൂഡല്‍ഹി: യുക്രെയ്ന്‍ പ്രതിസന്ധി പരസ്പര ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാനാകൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കിയത്.
പരസ്പര ചര്‍ച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാനാകൂവെന്നാണ് ഇന്ത്യ ആദ്യംമുതല്‍ സ്വീകരിച്ച നിലപാടെന്ന് മോദി പറഞ്ഞു.
യുക്രെയ്നിലെ പ്രതിസന്ധി പരിഹരിച്ച് മേഖലയില്‍ സമാധാനം ഉറപ്പുവരുത്താന്‍ ജി-20 അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യയ്ക്ക് നിര്‍ണായക പങ്ക് വഹിക്കാനാകുമെന്ന് ജോര്‍ജിയ മെലോണി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടുതല്‍ മേഖലകളില്‍ ഇന്ത്യയ്ക്കും ഇറ്റലിക്കും യോജിച്ചുപ്രവര്‍ത്തിക്കാനാകുമെന്നും അവര്‍ വ്യക്തമാക്കി.
ഇന്തോ-പസഫിക് ഓഷ്യന്‍സ് ഇനിഷ്യേറ്റീവില്‍ ചേരാനുള്ള ഇറ്റലിയുടെ തീരുമാനം സന്തോഷം പകരുന്നതാണെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും ഇറ്റലിക്കുമിടയില്‍ സ്റ്റാര്‍ട്ടപ് ബ്രിഡ്ജ് ആരംഭിക്കും.
ഉഭയകക്ഷി ബന്ധത്തിന്‍റെ 75-ാം വാര്‍ഷികം ഇന്ത്യയും ഇറ്റലിയും ഈ വര്‍ഷം ആഘോഷിക്കുകയാണ്. റിന്യൂവബിള്‍ എനര്‍ജി, ഹൈഡ്രജന്‍, ഐടി, ടെലികോം, സെമി കണ്‍ഡക്‌ടര്‍, ബഹിരാകാശം തുടങ്ങിയ മേഖലയില്‍ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്നും മോദി വ്യക്തമാക്കി.