

കോലഞ്ചേരി : പൂതൃക്ക പഞ്ചായത്തിലെ കിഴക്കേ മീമ്പാറ ജംഗ്ഷനിൽ ഉയർന്ന് നിൽക്കുന്ന വനിത വ്യവസായ കേന്ദ്രം വിവാദമാകുന്നു. നാടിന് തന്നെ ഒരു വിപത്തായി മാറുന്ന രീതിയിൽ വനിതാ വ്യവസായ കേന്ദ്രത്തിൽ പഞ്ചായത്തിലെ 14 വാർഡുകളിലേയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിച്ച് നൂറ് കണക്കിന് ചാക്കുകളിലായി കെട്ടിടത്തിന്റെ മൂന്ന് നിലകളിലും, പുറത്തുമായി കൂട്ടി വച്ചിരിക്കുകയാണ്.
1998 – 99 കാലഘട്ടത്തിൽ ജനകീയാസൂത്രണ പദ്ധതിയിയുടെ കീഴിൽ പലപ്പോഴായി ലക്ഷക്കണക്കിന് രൂപചിലവാക്കി കൊണ്ട് പണികഴിപ്പിച്ചിട്ടുള്ള ഈ കെട്ടിടത്തിൽ വർഷങ്ങളായി ഇവിടെ പഞ്ചായത്തിലെ മാലിന്യങ്ങൾ ചാക്കിൽ കെട്ടി സൂക്ഷിക്കുന്ന സ്ഥലം ആയി മാത്രം മാറ്റിയിരിക്കുകയാണ്.


പൂത്തൃക്ക കൃഷിഭവന്റെ പ്രോത്സാഹന യൂണിറ്റ്, ടേസ്റ്റ് ഓഫ് പൂതൃക്ക എന്ന പേരിൽ ചക്ക ചിപ്സ് നിർമ്മാണ യൂണിറ്റും മറ്റുമെല്ലാം ഇതിനോടകം ഇവിടെ പ്രവർത്തിച്ചിരുന്നതാണ്.നിലവിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന മിൽമാ യൂണിറ്റ്, ക്ലബ്, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക്, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കുന്ന പ്രദേശത്താണ് മാലിന്യ സംസ്കരണ പ്ലാൻറ്റ് എന്ന രീതിയിൽ ഇപ്പോൾ പ്രവർത്തിക്കുന്നത്.അനേകം പദ്ധതികൾ കൊണ്ട് വരുന്നതിന് പകരം പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുന്നത് വൻ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.