KERALA

വിദ്യാർത്ഥി കൺസെഷൻ ഇനി ഇല്ലേ ?

സാമ്പത്തീക ബാധ്യതകൾ വര്‍ധിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികൾക്കുള്ള കണ്‍സഷനില്‍ കര്‍ശന നിര്‍ദേശങ്ങളുമായി കെ.എസ്.ആര്‍.ടി.സി

തിരുവനന്തപുരം: സാമ്പത്തീക ബാധ്യതകൾ വര്‍ധിക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികൾക്കുള്ള കണ്‍സഷനില്‍ കര്‍ശന നിര്‍ദേശങ്ങളുമായി കെ.എസ്.ആര്‍.ടി.സി.ആദായനികുതി നല്‍കുന്ന രക്ഷാകര്‍ത്താക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവ് നല്‍കേണ്ടതില്ലെന്നും 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കേണ്ടെന്നുമാണ് പുതിയ തീരുമാനം.ഇനിമുതൽ സ്വകാര്യ സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും യാത്രാസൗജന്യമുണ്ടാകില്ല. എന്നാല്‍, ബി.പി.എല്‍ പരിധിയില്‍വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ യാത്ര സൗകര്യം ഒരുക്കും.

2016 മുതല്‍ 2020 വരെ 966.31 കോടി രൂപയുടെ അധിക ബാധ്യതയുണ്ടായ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജുപ്രഭാകറിന്‍റെ നിര്‍ദേശം. ഈ സാമ്പത്തീക ബാധ്യതകൾ സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്തും നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാഹചര്യത്തില്‍ വ്യാപകമായി അനുവദിക്കുന്ന ഇളവുകള്‍ തുടരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും കത്തിൽ വ്യക്തമാക്കുന്നു. മാർച്ച് ഒന്നിന് ചേരുന്ന കെ.എസ്.ആര്‍.ടി.സി ബോര്‍ഡ് യോഗം നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

മറ്റ് നിര്‍ദേശങ്ങള്‍ ചുവിടെ-

പെന്‍ഷന്‍കാരായ പഠിതാക്കള്‍, പ്രായപരിധി ബാധകമല്ലാത്ത റെഗുലര്‍ കോഴ്സ് പഠിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് കണ്‍സഷന്‍ ആനുകൂല്യം നല്‍കേണ്ട.
സെല്‍ഫ് ഫിനാന്‍സിങ് കോളജുകള്‍, സ്വകാര്യ അണ്‍ എയ്ഡഡ്, റെക്കഗനൈസ്ഡ് സ്കൂളുകള്‍ എന്നിവ യഥാര്‍ഥ ടിക്കറ്റ് നിരക്കിന്റെ 35 ശതമാനം തുക വിദ്യാര്‍ഥിയും 35 ശതമാനം തുക മാനേജ്മെന്‍റും ഒടുക്കണം. ഈ വിദ്യാര്‍ഥികള്‍ക്ക് യാത്രാ നിരക്കിന്റെ 30 ശതമാനം ഡിസ്കൗണ്ടില്‍ കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കാം. (നിരക്ക് സംബന്ധിച്ച ചാര്‍ട്ട് പ്രത്യേകമായി നല്‍കും)

സെല്‍ഫ് ഫിനാന്‍സ് കോളജുകളിലെയും സ്വകാര്യ അണ്‍ എയ്ഡഡ് സ്കൂളുകളിലെയും ബി.പി.എല്‍ പരിധിയില്‍ വരുന്ന മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ നിരക്കില്‍ കണ്‍സഷന്‍ അനുവദിക്കാം

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ കോളജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ എന്നിവിടങ്ങളിലെ ഇന്‍കം ടാക്സ്, ഐ.ടി.സി (ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്, ജി.എസ്.ടി) എന്നിവ നല്‍കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും കണ്‍സെഷന്‍ അനുവദിക്കാം.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികള്‍, സ്പെഷ്യല്‍ സ്കൂളുകള്‍, സ്പെഷ്യലി ഏബിള്‍ഡ് വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കുന്ന കേന്ദ്രങ്ങള്‍ എന്നിവയിലെ വിദ്യാര്‍ത്ഥി കണ്‍സെഷന്‍ നിലവിലെ രീതിയില്‍ തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button