

കൊച്ചി : കൊച്ചിയിൽ ദുരുഹ സാഹചര്യത്തിൽ മരണപ്പെട്ട ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം എന്ന് പോലീസ് നിഗമനം. മരണപ്പെട്ട കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ സ്വദേശി ഷാനിഫ് കുറ്റം സമ്മതിച്ചതായി എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മയുടെ പങ്കു സംബന്ധിച്ച് ചോദ്യം ചെയ്യാൽ നടന്നുകൊണ്ടിരിക്കുന്നു.


കറുകപ്പിള്ളിയിലെ ലോഡ്ജിൽ ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി യുവാവും യുവതിയും മുറിയെടുത്തത്. അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവർ ജനറൽ ആശുപത്രിയിൽ എത്തുന്നത് ഡിസംബർ രണ്ടാം തീയതി രാവിലെ എട്ടരയോടെയാണ്. കുഞ്ഞിന്റെ തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതായി സംശയിക്കുന്നതായാണ് ഇവർ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂബോൺ ഐ സി യു വിൽ പ്രവേശിപ്പിച്ചുവെങ്കിലും കുട്ടി മരിച്ചിരുന്നു. കുഞ്ഞിന്റെ ദേഹത്തെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടറാണ് പോലീസിൽ വിവരമറിയിച്ചത്. ഇതിനെ തുടർന്നാണ് ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആദ്യം ഇവർ പറഞ്ഞത് കുഞ്ഞ് കൈയിൽ നിന്നും താഴെ വീണതാണെന്നാണ്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിൽ കുഞ്ഞിനെ താൻ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്.
ഇരുവരും പ്രണയത്തിലായിരുന്നു കഴിഞ്ഞ ഒന്നരവർഷമായി കൊച്ചിയിൽ പലയിടങ്ങളിലായി ഇവർ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. ഇവർ ഒരുമിച്ച് താമസിച്ചിരുന്ന കറുകപ്പള്ളിയിലെ ലോഡ്ജ് മുറി പോലീസ് സ്റ്റീൽ ചെയ്തു.